ചാരുംമൂട് : ഇടുക്കിയിൽ എസ്.എഫ്.ഐ. പ്രവർത്തകന്റെ കൊലപാതകത്തിലുള്ള പ്രതിഷേധത്തെത്തുടർന്ന് സംഘർഷാവസ്ഥയുണ്ടായ ചാരുംമൂട്ടിൽ യൂത്ത് കോൺഗ്രസ് നേതാവിനു മർദനമേറ്റു. യൂത്ത് കോൺഗ്രസ് മാവേലിക്കര നിയോജകമണ്ഡലം സെക്രട്ടറി കരിമുളയ്ക്കൽ വടക്ക് വിളയിലയ്യത്ത് അനീഷി(23)നാണു മർദനമേറ്റത്. അനീഷിനെ മർദിച്ചവരെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ വെള്ളിയാഴ്ച രാത്രി മണിക്കൂറുകളോളം നൂറനാട് പോലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധസമരം നടത്തി. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവത്തിനുതുടക്കം. ബൈക്കിൽവന്ന അനീഷിനെ കരിമുളയ്ക്കൽ ജങ്ഷനിൽ തടഞ്ഞുനിർത്തി ആദ്യം ബൈക്കിന്റെ താക്കോൽ ഊരിയെടുത്തു. അടുത്ത കടയിലേക്കു കയറിയപ്പോൾ സംഘടിച്ചെത്തിയ സി.പി.എം.-ഡി.വൈ.എഫ്.ഐ. പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്ന് കോൺഗ്രസ്‌ പ്രവർത്തകർ പറഞ്ഞു.

അനീഷിനെ വെട്ടിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ചാരുംമൂട് താമരക്കുളം വി.വി.എച്ച്.എസ്.എസിനു മുന്നിൽ എസ്.എഫ്.ഐ.യുടെ പതാകയും കൊടിമരവും കത്തിച്ച കേസിൽ അനീഷിനെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു.

കരിമുളയ്ക്കലിൽനിന്നു പ്രതികൾ എത്തിയതെന്നു കരുതുന്ന രണ്ടു ബൈക്കുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. അനീഷിനെ മർദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കരിമുളയ്ക്കൽ ജങ്ഷനിൽ കെ.പി. റോഡ് ഉപരോധിച്ചു. പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് എട്ടുമുതൽ നൂറനാട് പോലീസ് സ്റ്റേഷനു മുന്നിലും സമരം നടത്തി.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി. ഹരിപ്രകാശ്, പി.പി. കോശി, ഇബ്രാഹിം കുട്ടി, ഷാനവാസ് ഖാൻ, ശ്രീകുമാർ അളകനന്ദ, എസ്. സാദിഖ് തുടങ്ങിയവർ നേതൃത്വം നൽകി. ഒൻപതോടെ കൊടിക്കുന്നിൽ സുരേഷ് എം.പി., ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ബി. ബാബുപ്രസാദ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ എന്നിവർ പോലീസ് സ്റ്റേഷനിലെത്തി. സംഘർഷാവസ്ഥയുള്ളതിനാൽ സ്ഥലത്ത് പോലീസ് ക്യാമ്പു ചെയ്യുന്നുണ്ട്. രാത്രി പത്തുമണിയോടെ പ്രതിഷേധം അവസാനിപ്പിച്ചു.