ആലപ്പുഴ : വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സ്വന്തം പേരിൽ ഭൂമിയെന്ന സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് അമ്പലപ്പുഴ താലൂക്ക് പള്ളാത്തുരുത്തി വാർഡിൽ ശാസ്തസദനം വീട്ടിൽ ചെല്ലമ്മ.

50 വർഷമായി താമസിക്കുന്ന അഞ്ച്‌ സെന്റ് ഭൂമിയിൽ പഴയ ഒരുവീട് ഉണ്ടെങ്കിലും പട്ടയമില്ലാത്തതിനാൽ സർക്കാർ സഹായങ്ങൾക്ക് അപേക്ഷിക്കാനായിരുന്നില്ല. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി ആലപ്പുഴ സെയ്ന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ജില്ലാതല പട്ടയമേള വഴിയാണു ചെല്ലമ്മയ്ക്കിപ്പോൾ ദേവസ്വം പട്ടയം ലഭിച്ചത്.

നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ വേദിയിൽ നിന്നുമിറങ്ങി ചെല്ലമ്മയ്ക്കരികിലെത്തിയാണ് എച്ച്. സലാം എം.എൽ.എ. പട്ടയം കൈമാറിയത്. എം.എൽ.എ.മാരായ പി.പി. ചിത്തരഞ്ജൻ, തോമസ് കെ. തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. 22 വർഷം മുൻപു ഭർത്താവു മരിച്ച ചെല്ലമ്മ കൂലിപ്പണി ചെയ്താണു മൂന്നുമക്കൾ അടങ്ങിയ കുടുംബം പുലർത്തിയത്.വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണു സർക്കാരിന്റെ കരുതൽ ചെല്ലമ്മയ്ക്ക് ഇപ്പോൾ തുണയായത്.