കുട്ടനാട് : ആലപ്പുഴ- ചങ്ങനാശ്ശേരി റോഡ് നവീകരണത്തിന്റെ ഭാഗമായി മങ്കൊമ്പിൽ നിർമിക്കുന്ന മേൽപ്പാലത്തിന് ഒരു പൈൽ യൂണിറ്റ് കൂടി എത്തിച്ചു. നിലവിൽ രണ്ടു തൂണുകളുടെ പൈലിങ്ങായിരുന്നു നടന്നിരുന്നത്.

തിങ്കളാഴ്ചയോടെ ഒരേസമയം മൂന്നു തൂണുകളുടെ പൈലിങ്ങിനുള്ള ക്രമീകരണമായി. നാലു തൂണുകളുടെ പൈലിങ് ഒരേസമയം നടത്താനുള്ള സജ്ജീകരണം ഒരുക്കാനാണ് അധികൃതരുടെ പദ്ധതി. 240 മീറ്റർ നീളം വരുന്ന മേൽപ്പാലത്തിന് 26 തൂണുകളാണ് ഉള്ളത്. എ.സി. റോഡിൽ നിർമിക്കുന്ന അഞ്ചു മേൽപ്പാലങ്ങളിൽ മൂന്നാമത്തെ മേൽപ്പാലമാണു തെക്കേക്കരയിലേത്.

പാറശ്ശേരി പാലത്തിനും ജ്യോതി കവലയ്ക്കും ഇടയിൽ നിർമിക്കുന്ന മേൽപ്പാലത്തിനുള്ള അംഗീകാരം ലഭിച്ചിട്ടില്ല. എ.സി. റോഡിൽ നിർമിക്കുന്ന രണ്ടാമത്തെ മേൽപ്പാലമാണിത്. 260 മീറ്റർ നീളത്തിൽ നിർമിക്കുന്ന പാലത്തിന്റെ രൂപരേഖ കെ.എസ്.ടി.പി.ക്ക് സമർപ്പിച്ചിട്ടുണ്ടെന്നു നിർമാണ കമ്പനി അധികൃതർ പറഞ്ഞു. ഈ ആഴ്ച തന്നെ രൂപരേഖ അംഗീകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

മങ്കൊമ്പ് തെക്കേക്കരയിൽ നിർമിക്കുന്ന മേൽപ്പാലത്തിന്റെ ആദ്യ തൂണിന്റെ പൈലിങ് പൂർത്തിയായിരുന്നു. രണ്ടാമത്തെ തൂണിന്റെ ബോറിങ് പൂർത്തിയായി കോൺക്രീറ്റിങ് ആരംഭിച്ചു.

പൂർണമായി പൊളിച്ചു പുനർനിർമിക്കുന്ന കളർകോട് പക്കിപ്പാലത്തിന്റെ പൈലിങ് ക്യാപ് ബേസ്‌മെന്റ് കോൺക്രീറ്റിങ് നടപടികൾ ആരംഭിച്ചു.

കമ്പികെട്ടലാണു തിങ്കളാഴ്ച നടന്നത്. വ്യാഴാഴ്ച പൈൽക്യാപ് കോൺക്രീറ്റിങ് നടക്കുന്ന വിധത്തിലാണു പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

പുനർനിർമിക്കുന്ന പൊങ്ങ, പാറശ്ശേരി, നെടുമുടി, മാധവശ്ശേരി പാലങ്ങളുടെ ഗാർഡറുകൾ രണ്ടുദിവസത്തിനകം പണി നടക്കേണ്ട സ്ഥലങ്ങളിൽ എത്തിക്കും.

ഇതിനു മുന്നോടിയായി സ്ഥലപരിശോധനടയക്കമുള്ള നടപടികൾ പൂർത്തീകരിച്ചു. പാലം പൊളിക്കുന്നതിനു മുൻപേ ഗാർഡറുകൾ എത്തിച്ചില്ലെങ്കിൽ ഗതാഗതത്തിനു തടസ്സം നേരിടുമെന്നു മുൻകൂട്ടി കണ്ടാണു നീക്കം.