ആലപ്പുഴ : കൃഷി ജനകീയ പ്രചാരണമാക്കി മാറ്റണമെന്നും സർക്കാർ ഇതിനായി പരമാവധി സഹായംനൽകുമെന്നും കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ ആലിശ്ശേരിയിൽ നടത്തിയ കൃഷിയുടെ രണ്ടാംഘട്ട വിളവെടുപ്പ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മൂന്നുലക്ഷം ടണ്ണിനു മുകളിൽ പച്ചക്കറികളാണ് ഓണത്തിന് കേരളത്തിൽ ഉത്‌പാദിപ്പിച്ചത്. 17 ലക്ഷം ടൺ പച്ചക്കറികൾ കേരളത്തിൽ ഉത്പാദിപ്പിക്കുന്നുണ്ട്. പച്ചക്കറിക്കൃഷിയിൽ സ്വയംപര്യാപ്തമാകാൻ നമുക്കുകഴിമെന്നാണ് ഇത്തരം അനുഭവങ്ങൾ തെളിയിക്കുന്നതെന്ന്‌ മന്ത്രി പറഞ്ഞു. നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ അധ്യക്ഷനായി. ബി. നസീർ, കെ.എസ്. ജയൻ, ക്ലാരമ്മ പീറ്റർ, സിമി ഷാഫിക്കാൻ, നജിതാ ഹാരിസ്, പ്രഭാ ശശികുമാർ, എ.ആർ. രങ്കൻ, എസ്.എം. ഹുസൈൻ, സീതാരാമൻ, ഡി. സുരേന്ദ്രപ്പണിക്കർ, സുബൈർ തുടങ്ങിയവർ പങ്കെടുത്തു.