ആലപ്പുഴ : സത്യസന്ധമായ പരാതികളുമായി വേണം എത്താനെന്നു വനിതാ കമ്മിഷൻ.

ജില്ലയിൽ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നടന്ന വനിതാ കമ്മിഷൻ അദാലത്തിലായിരുന്നു നിർദേശം. പരാതിക്കു മറുപരാതിയുമായി ധാരാളം പേർ എത്തുന്നുണ്ട്. ഇത് ആശാസ്യകരമല്ല. പലപരാതികളും സത്യമല്ല. ഇത്തരം പരാതികളിലെ സത്യാവസ്ഥ പരിശോധിക്കാൻ പോലീസിനു പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള പരാതികൾ കമ്മിഷനു മുന്നിലെത്തുന്നതു യഥാർഥ പരാതിക്കാർക്കു ലഭിക്കേണ്ട നീതി വൈകിപ്പിക്കും.

ഇത്തരം പരാതികൾ കമ്മിഷന്‍റെ മുന്നിലെത്തുമ്പോൾ മാത്രമാണു തിരിച്ചറിയപ്പെടുന്നത്. ഈ പ്രവണത അവസാനിപ്പിക്കണമെന്നും കമ്മിഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു.

ജോലിസ്ഥലത്തെ ബുദ്ധിമുട്ടുകൾ, ഉദ്യോഗസ്ഥർ തമ്മിലുള്ള പരാതി, ജനപ്രതിനിധികളുമായുള്ള പ്രശ്നം തുടങ്ങിയ പരാതികളാണു പ്രധാനമായും പരിഗണിച്ചത്. രണ്ടുദിവസങ്ങളിലായി ആലപ്പുഴ ജില്ലാ പഞ്ചായത്തു ഹാളിൽ നടന്ന അദാലത്തിൽ 150 പരാതികൾ പരിഗണിച്ചു.

48 എണ്ണം തീർപ്പാക്കി. 18 പരാതികൾ വിവിധ വകുപ്പുകളുടെ റിപ്പോർട്ടിനായി കൈമാറി. 84 പരാതികൾ അടുത്ത അദാലത്തിലേക്കു മാറ്റി. കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേകം സമയം നൽകിയാണു പരാതികൾ കേട്ടത്.

പാനൽ അഭിഭാഷകരായ അഡ്വ. ജിനു എബ്രഹാം, അഡ്വ. മിനി സാം, അഡ്വ. അംബികാ കൃഷ്ണൻ, കമ്മിഷൻ സി.ഐ. സുരേഷ്‌കുമാർ എന്നിവരും പങ്കെടുത്തു.