ആലപ്പുഴ : സി.പി.എം.ബ്രാഞ്ച് സമ്മേളനങ്ങൾക്കു ജില്ലയിൽ ബുധനാഴ്ച തുടക്കം കുറിക്കും. 2,628 ബ്രാഞ്ചുകളിലായാണു സമ്മേളനം. ഇവയ്ക്കുശേഷം 154 ലോക്കൽ സമ്മേളനങ്ങൾ. തുടർന്ന് 16 ഏരിയ സമ്മേളനങ്ങൾ നടക്കും. ഇതിനുപിന്നാലെ ജില്ലാസമ്മേളനം കണിച്ചുകുളങ്ങരയിൽ നടത്താനാണു തീരുമാനിച്ചിട്ടുള്ളത്.

പരസ്പരവിമർശനങ്ങളും സ്വയംവിമർശനവും സമ്മേളനങ്ങളിൽ ഉയരുന്നതാണു പാർട്ടിയുടെ രീതി. പാർലമെന്റ് തിരഞ്ഞെടുപ്പു പരാജയം, നിയമസഭാ തിരഞ്ഞെടുപ്പു വിജയം, തദ്ദേശഭരണ തിരഞ്ഞെടുപ്പ്, ജി. സുധാകരനുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആരോപണങ്ങൾ, സംസ്ഥാന-ജില്ലാ നേതാക്കളെക്കുറിച്ചുള്ള വിമർശനങ്ങൾ, സർക്കാരിനെക്കുറിച്ചുള്ള വിലയിരുത്തലുകൾ, സി.പി.ഐ. ഉൾപ്പെടെയുള്ള ഘടക കക്ഷികളെക്കുറിച്ചുള്ള വിമർശനങ്ങൾ, ബി.ജെ.പി.യുടെ വളർച്ചയെക്കുറിച്ചുള്ള വിലയിരുത്തൽ, ചില നേതാക്കളുടെ ആർഭാടവും അഴിമതിയും തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ചയിൽ വരും. യുവാക്കൾക്കും സ്ത്രീകൾക്കും ദളിത് വിഭാഗങ്ങൾക്കും പാർട്ടി കമ്മിറ്റികളിൽ കൂടുതൽ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനുള്ള ഇടപെടലുകൾ സമ്മേളനങ്ങളിൽ ഉണ്ടാവും.

ഗ്രൂപ്പ്‌ സമവാക്യങ്ങളിൽ മാറ്റം

ജില്ലയിൽ കാലങ്ങളായി നിലനിന്നിരുന്ന ഗ്രൂപ്പ്‌ സമവാക്യങ്ങളിൽ മാറ്റമുണ്ടാവുകയാണ് ഇക്കുറി. പിണറായി - വി.എസ്. ചേരിയിൽ നിന്ന് ജി. സുധാകരൻ - തോമസ് ഐസക് ചേരിയിലേക്കു കളം മാറിയ ജില്ലയാണ് ആലപ്പുഴ. ഇപ്പോൾ മന്ത്രി സജി ചെറിയാനും എതിർക്കുന്നവരും എന്ന മട്ടിലാണു കാര്യങ്ങൾ നീങ്ങുന്നത്.

ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺ തിരഞ്ഞെടുപ്പും പരസ്യപ്രകടനവും പടനിലം സ്കൂളിലെ അഴിമതിയും ജില്ലാനേതാക്കളുടെ പങ്കും എല്ലാം വിഭാഗീയതയ്ക്ക് ഊർജം പകരുന്ന വിഷയങ്ങളാണ്.

നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപു മുതൽത്തന്നെ കായംകുളത്ത് ശക്തിപ്പെട്ട ഗ്രൂപ്പുപേരാട്ടങ്ങളും അരൂർ ഉപതിരഞ്ഞെടുപ്പിലുണ്ടായ വീഴ്ചയും അന്വേഷറിപ്പോർട്ടും സമ്മേളനം ചർച്ച ചെയ്യും.

മാരാരിക്കുളത്ത് ഏരിയ ഭാരവാഹികളെ മാറ്റിനിർത്തി ജില്ലാ നേതൃത്വം നേരിട്ട് ഏരിയ സെക്രട്ടറിയെ അവതരിപ്പിച്ചത് ഈ മേഖലയിലെ ചർച്ചകൾക്കു ചൂടുപകരും.