ആലപ്പുഴ : കോവിഡിനെത്തുടർന്നു മാറ്റിവെച്ച നെഹ്രുട്രോഫിവള്ളംകളി ഡിസംബറിൽനടത്താൻ ആലോചന. എന്നാൽ, തീയതി നിശ്ചയിച്ചിട്ടില്ല.

ഡിസംബറിൽ വള്ളംകളി നടത്താമെന്നുകാട്ടി ജില്ലാഭരണകൂടം ഉന്നതാധികാരസമിതിക്കു നിർദേശം സമർപ്പിച്ചിട്ടുണ്ട്. ഇവരാകും അന്തിമതീരുമാനമെടുക്കുക.

കാണികളുടെയെണ്ണം ക്രമീകരിച്ചു ജനപ്രതിനിധികളുടെ ഉൾപ്പെടെ നേതൃത്വത്തിൽ കോവിഡ്നിയമങ്ങൾ ഉറപ്പാക്കി വള്ളംകളി നടത്തുന്നതിനുള്ള സാധ്യതയാണു പരിശോധിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കോവിഡ് ഉന്നതാധികാര സമിതിയിൽ ചർച്ചചെയ്ത് തുടർനടപടികൾ സ്വീകരിക്കും.

ഈവർഷംതന്നെ നെഹ്രുട്രോഫി വള്ളംകളി നടത്തുമെന്നു സർക്കാരും വിനോദസഞ്ചാരവകുപ്പും അറിയിച്ചിരുന്നതാണ്. ഇതിനായി മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ യോഗവും ചേർന്നിരുന്നു. തിരുവനന്തപുരത്തുചേർന്ന യോഗത്തിനുശേഷം മന്ത്രിതന്നെയാണു വള്ളംകളി ഈവർഷം നടത്തുമെന്നറിയിച്ചത്. എന്നാൽ, മാസവും മറ്റുകാര്യങ്ങളും തീരുമാനിച്ചിരുന്നില്ല.

ഇപ്പോൾ ജില്ലാഭരണകൂടം അനുയോജ്യമാണെന്നു കണ്ടെത്തിയിരിക്കുന്നതു ഡിസംബറാണ്. ഇത്‌ ഉന്നതാധികാര സമിതിയെ അറിയിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാലുടൻ വള്ളംകളി നടത്തുന്നതിനുവേണ്ട നടപടികൾ ആരംഭിക്കാനാണു ജില്ലാഭരണകൂടം ശ്രമിക്കുന്നത്. ഡിസംബറിൽ കോവിഡ്കേസുകൾ കുറയുമെന്നും കാലാവസ്ഥ അനുകൂലമാകുമെന്നുമാണു വിലയിരുത്തൽ. ഡിസംബർ ടൂറിസംസീസൺകൂടി ആയതിനാൽ ധാരാളം കാണികളെയും സംഘാടകർ പ്രതീക്ഷിക്കുന്നു.

വള്ളംകളിമേഖലയ്ക്ക്‌ ഉണർവ്ഡിസംബറിൽ െനഹ്രുട്രോഫി വള്ളംകളി നടത്തിയാൽ വള്ളംകളി മേഖലയ്ക്കാകെ പുത്തനുണർവാകും അതു സമ്മാനിക്കുക. രണ്ടുവർഷമായി നെഹ്രുട്രോഫി നടത്തിയിട്ടില്ല.

ക്ലബ്ബുകളും തുഴക്കാരും വലിയപ്രതിസന്ധിയിലും ആശങ്കയിലുമായിരുന്നു. നെഹ്രുട്രോഫിക്കൊപ്പംതന്നെ ആരംഭിക്കുന്ന സി.ബി.എൽ.(ചാമ്പ്യൻസ് ബോട്ട്‌ലീഗ്) ഈമേഖലയിൽ വലിയ അനക്കമാണു സൃഷ്ടിച്ചത്. കടത്തിൽ മുങ്ങിത്താഴ്‌ന്ന പലക്ലബ്ബുകൾക്കും ആശ്വാസമായിമാറി, വീണ്ടും ആർപ്പുവിളികളിലേക്കു വള്ളംകളിമേഖല കടക്കുന്നതിനിടെയാണു വില്ലനായി കോവിഡവതരിച്ചത്. അതോടെ എല്ലാം സ്തംഭിച്ചു. വള്ളങ്ങളുടെ അറ്റകുറ്റപ്പണിക്കുപോലും വകയില്ലാതെ ക്ലബ്ബുകളും കരക്കാരും കഷ്ടപ്പെട്ടു. ഈവർഷം വള്ളംകളി നടക്കില്ലെന്നുപോലും വിചാരിച്ചിരുന്നതാണ്. അപ്പോഴാണു സർക്കാർപ്രഖ്യാപനം വരുന്നത്.

ടൂറിസത്തിന് അനക്കമാകും നെഹ്രുട്രോഫി വള്ളംകളിയോടനുബന്ധിച്ചാണു വിദേശികളും സ്വദേശികളുമായ സഞ്ചാരികൾ കൂടുതലായി ആലപ്പുഴയിലേക്കെത്തുന്നത്. പുതിയൊരു വിനോദസഞ്ചാര സീസണിന്റെ തുടക്കംതന്നെ വള്ളംകളിയോടെയാണ്. പൂജ അവധിയോടെ വീണ്ടും വിനോദസഞ്ചാരമേഖലയ്ക്ക് അനക്കംവെച്ചിട്ടുണ്ട്.

ഡിസംബറിൽ കൂടുതൽ സഞ്ചാരികൾ ആലപ്പുഴയിലേക്കു വരാൻ സാധ്യതയേറെയാണ്. നെഹ്രുട്രോഫികൂടി ഡിസംബർമാസത്തിൽ ഉറപ്പിച്ചാൽ സഞ്ചാരികളുടെവരവ് ഏറുമെന്നാണു വിനോദസഞ്ചാരവകുപ്പിന്റെ വിലയിരുത്തൽ.