തുറവൂർ : ചികിത്സയ്ക്കായി ഇൻഷുറൻസ് തുക തരപ്പെടുത്താമെന്നുപറഞ്ഞ് രോഗികളുടെ ബന്ധുക്കളിൽനിന്നു ലക്ഷങ്ങൾ തട്ടിയ യുവാവ് തട്ടിപ്പുകേസുകളിൽ പ്രതി. പട്ടണക്കാട് പോലീസ് അറസ്റ്റുചെയ്ത ഏറ്റുമാനൂർ കിടങ്ങൂർ മംഗലത്ത് രതീഷ് (34) അരൂർ, കുത്തിയതോട്, പട്ടണക്കാട് പോലീസ് സ്റ്റേഷൻ പരിധികളിൽ മൂന്നുപേരെ ഇയാൾ കബളിപ്പിച്ചതായി പോലീസ് പറഞ്ഞു.

കോട്ടയം, ഏറ്റുമാനൂർ, കോട്ടയം വെസ്റ്റ്, കറുകച്ചാൽ, ഗാന്ധിനഗർ പോലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകളിൽ പ്രതിയായിരുന്നു ഇയാൾ. ജാമ്യത്തിൽ ഇറങ്ങിയശേഷമാണ് വീണ്ടും തട്ടിപ്പു തുടങ്ങിയത്. 2018 മുതൽ പലതരത്തിൽ സാമ്പത്തികത്തട്ടിപ്പുകൾ നടത്തുന്ന ഇയാൾ ഇതിനുമുൻപും പോലീസ് പിടിയിലായിട്ടുണ്ട്. പട്ടണക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കാൻസർരോഗിയായ വീട്ടമ്മയുടെ ബന്ധുവിൽനിന്ന്‌ 72,000 രൂപ കബളിപ്പിച്ചെന്ന പരാതിയിലാണ് ഇപ്പോഴത്തെ അറസ്റ്റ്. ആലപ്പുഴ മെഡിക്കൽ കോളേജിൽ കാർഡിയോ തൊറാസിക് സർജനാണെന്നു പറഞ്ഞുവിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ചികിത്സയ്ക്കുള്ള പണം ഇൻഷുറൻസ് വഴി നൽകാമെന്നുപറഞ്ഞ് മുൻകൂറായി പണം വാങ്ങുകയായിരുന്നു പതിവ്. ഇൻഷുറൻസ് തുക പാസാകുമ്പോൾ വാങ്ങിയ പണം അക്കൗണ്ടിൽ എത്തുമെന്നുപറഞ്ഞാണ് രോഗികളെയും ബന്ധുക്കളെയും വിശ്വസിപ്പിച്ചിരുന്നത്.

പണംവാങ്ങി മുങ്ങുന്ന രതീഷിനെ ഫോണിൽ ബന്ധപ്പെടാൻ നോക്കിയിട്ടും കിട്ടാതായതോടെയാണ് പട്ടണക്കാട് സ്വദേശി പോലീസിൽ പരാതിനൽകിയത്. അരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മാവുങ്കൽ തറയിൽ ലക്ഷ്മിഭായിയുടെ ചികിത്സയ്ക്കായി പത്തുലക്ഷം രൂപയുടെ ഇൻഷുറൻസ് തരപ്പെടുത്താമെന്നുപറഞ്ഞ് 34,000 രൂപയും മാസങ്ങൾക്കുമുൻപ് രതീഷ് വാങ്ങിയിരുന്നു.

2018-ലായിരുന്നു രതീഷിന്റെ കബളിപ്പിക്കൽ തുടങ്ങിയത്. പനച്ചിക്കാട് ഗ്രാമപ്പഞ്ചായത്തിൽ ജോലിവാങ്ങി നൽകാമെന്നുപറഞ്ഞു വിശ്വസിപ്പിച്ച് ഇയാളുടെ സഹപാഠിയായ വീട്ടമ്മയിൽനിന്ന്‌ എട്ടുലക്ഷം രൂപ തട്ടിയെടുത്തു. കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ നഴ്‌സിങ് ജോലി തരപ്പെടുത്താമെന്നുപറഞ്ഞ് വീട്ടമ്മയിൽനിന്ന്‌ ഏഴുലക്ഷം രൂപയും തട്ടിച്ചു. കറുകച്ചാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ സേനയിൽ ജോലിവാങ്ങി നൽകാമെന്നുപറഞ്ഞ് യുവാവിൽനിന്ന്‌ 20 ലക്ഷവും മുണ്ടക്കയം സ്വദേശിയായ യുവാവിന്‌ നഴ്‌സിങ് ജോലി നൽകാമെന്നുപറഞ്ഞ് ഏഴുലക്ഷവും തട്ടിച്ചു മുങ്ങി. കിടങ്ങൂർ സ്വദേശികളായ രണ്ടുപേരിൽനിന്ന്‌ നഴ്‌സിങ് ജോലി നൽകാമെന്നുപറഞ്ഞ് മൂന്നുലക്ഷം രൂപയും തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.

തൃശ്ശൂർ ഒല്ലൂർ സ്റ്റേഷൻപരിധിയിൽ വെല്ലൂർ മെഡിക്കൽ കോളേജിൽ കുഞ്ഞിനു നല്ല ചികിത്സ ലഭ്യമാക്കാം എന്നുപറഞ്ഞ്‌ നാലുലക്ഷം രൂപ, പത്തനംതിട്ട ജില്ലയിൽ മറ്റൊരു യുവാവിൽനിന്ന് ബിവറേജസ് കോർപ്പറേഷനിൽ ജോലി വാഗ്ദാനംചെയ്ത് 90,000 രൂപയും തട്ടിയെടുത്തു.

കോട്ടയത്തെ ഒരു ജനപ്രതിനിധിയുടെ ബന്ധുവിന് നഴ്‌സിങ് ജോലിനൽകാമെന്നുംപറഞ്ഞ് ഒരുലക്ഷം രൂപ തട്ടിയെടുത്ത കുറ്റത്തിന്‌ രതീഷിനെതിരേ മുൻപ് കേസുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.