കടപ്പുറം ആശുപത്രിയിൽ രോഗികൾക്കു ദുരിതം

ആലപ്പുഴ : കടപ്പുറം വനിത-ശിശു ആശുപത്രിക്കു ലഭിച്ച പുതിയ ആംബുലൻസ് ഒന്നരമാസമായിട്ടും ഉപയോഗപ്പെടുത്താനായില്ല. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുണ്ടായിട്ടുള്ള തടസ്സങ്ങളാണ് ആംബുലൻസ് കടപ്പുറത്താകാൻ കാരണം. നിലവിലുണ്ടായിരുന്ന ആംബുലൻസ് ടെസ്റ്റിനു കയറ്റിയതിനാൽ ആശുപത്രിയിലെ രോഗികൾക്കു ദുരിതമായി.

ഡോക്ടേഴ്സ് ഫോർ യു എന്ന സംഘടനയുടെ സഹായത്തോടെ ജില്ലാ പഞ്ചായത്താണ് ആശുപത്രിക്ക് പുതിയ ആംബുലൻസ് നൽകിയത്. എന്നാൽ, ജില്ലാ മെഡിക്കൽ ഓഫീസറുടെ പേരിലാണ് ആംബുലൻസ് ലഭിച്ചത്. അതിനാൽ, ആശുപത്രി അധികൃതർക്ക് രജിസ്റ്റർചെയ്യാനായില്ല. ജില്ലാ മെഡിക്കൽ ഓഫീസിനെ സമീപിച്ചപ്പോൾ ജില്ലാ മെഡിക്കൽ ഓഫീസറുടെ പേരിൽ ആംബുലൻസ് രജിസ്റ്റർചെയ്യാനാവില്ലെന്ന മറുപടിയാണു ലഭിച്ചത്. തുടർന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഓഫീസിലേക്ക്‌ ഫയൽ അയച്ചിരിക്കുകയാണ്. അവിടത്തെ മേൽവിലാസത്തിൽ രജിസ്റ്റർചെയ്താലേ ഇനി ആംബുലൻസ് പുറത്തിറങ്ങാനാകൂവെന്നാണ് സൂചന.