ആലപ്പുഴ : പൊതുവിദ്യാലയങ്ങൾ നവംബർ ഒന്നിനു തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ജനകീയ പങ്കാളിത്തത്തോടെ സ്കൂളുകളിലെ ശുചീകരണ ജോലികൾ ആരംഭിച്ചിട്ടുണ്ട്. കുട്ടികളെ വരവേൽക്കാൻ സ്കൂൾ ആകർഷകമാക്കാനുള്ള ഒരുക്കവും തുടങ്ങി. വിദ്യാലയങ്ങളിലെ ഒരുക്കങ്ങൾ വിലയിരുത്താൻ വിദ്യാഭ്യാസ ഉപഡയറക്ടർ വി.ആർ. ഷൈലയുടെ നേതൃത്വത്തിൽ 16 മുതൽ മുഴുവൻ സ്കൂളുകളും സന്ദർശിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ- ഉപജില്ലകളുടെ അടിസ്ഥാനത്തിൽ സ്ക്വാഡ് രൂപവത്കരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ പഞ്ചായത്തിന്റെ അധീനതയിലുള്ള 47 സ്കൂളുകളിലെ പ്രിൻസിപ്പൽമാരുടെയും പ്രഥമാധ്യാപകരുടെ യോഗം ചേർന്നു. കളക്ടറുടെ അധ്യക്ഷതയിൽ സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ടും യോഗം ചേർന്നിരുന്നു. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നിയോജക മണ്ഡലാടിസ്ഥാനത്തിലും യോഗങ്ങൾ നടന്നുവരുന്നുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, നഗരസഭാ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സ്കൂൾതല യോഗങ്ങളുമുണ്ട്.

11 മുതൽ ഹയർസെക്കൻഡറി പരീക്ഷകൾ നടക്കുന്നതിനാൽ ഹയർസെക്കൻഡറി അധ്യാപകർ ഒഴികെ ഒന്നുമുതൽ 10 വരെയുള്ള മുഴുവൻ അധ്യാപകരും സ്കൂളുകളിൽ ഹാജരാകാൻ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ആദ്യം ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളും പത്ത്, പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളുമാണ് ആരംഭിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളാൽ സ്കൂളിൽ വരാൻ കഴിയാത്ത കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സുകൾക്കുള്ള സൗകര്യമുണ്ട്. രക്ഷിതാവിന്റെ പൂർണ സമ്മതത്തോടെ കുട്ടിയെ സ്കൂളിൽ അയച്ചാൽ മതിയെന്നുമുണ്ട്. നവംബർ 15 മുതൽ മുഴുവൻ ക്ലാസുകളും ആരംഭിക്കുമെന്നും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ- ഓർഡിനേറ്റർ എ.കെ. പ്രസന്നൻ പറഞ്ഞു.

ചുവരിൽ ചിത്രംവരച്ച് വിദ്യാർഥികളും

ആലപ്പുഴ വെള്ളാപ്പള്ളിയിൽ ഔവർ ലേഡി ഓഫ് ഫാത്തിമ എൽ.പി. സ്കൂളിലെ വിദ്യാർഥികൾ ചുവരിൽ ചിത്രം വരയ്ക്കുകയാണ്. ‘ലോകമേ തറവാട്’ ബിനാലെ സംഘങ്ങളുടെ സഹായത്തോടെയാണു പ്രവർത്തനം. ചുവരിൽ കുട്ടികൾക്കിടഷ്ടപ്പെട്ട ചിത്രങ്ങളുടെ രൂപരേഖ ലോകമേ തറവാട് സംഘാംഗങ്ങൾ വരച്ചു നൽകും. അതിലേക്കു കുട്ടികൾ ചായം പകരും. സ്കൂളിലെ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളിലെ 12 കുട്ടികളാണ് ഈ യജ്ഞത്തിൽ പങ്കാളികളായത്. പ്രധാനാധ്യാപകൻ വി.എസ്. ജാക്സണിന്റെയും പി.ടി.എ. പ്രസിഡന്റ് അഷ്കർ ഹാഷിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി.കോവിഡിൽ ഒന്നരവർഷത്തിലേറെയായി അടച്ചിട്ടിരുന്ന വിദ്യാലയങ്ങൾ നവംബർ ഒന്നിന് തുറക്കുകയാണ്. അധ്യാപക രക്ഷാകർത്തൃ സമിതികളുടെ നേതൃത്വത്തിൽ വൃത്തിയാക്കലും പെയിന്റടിക്കലുമെല്ലാമായി തകൃതിയാണു മുന്നൊരുക്കങ്ങൾ.