മുൻപ് ആലപ്പുഴയിലേക്കു പ്രതിദിനം 15 ടോറസുകളിൽവരെ ലോഡുകൾ എത്തിയിരുന്നതാണ്. ഇപ്പോൾ പ്രതിദിനം പരമാവധി എട്ടുലോഡായി കുറഞ്ഞു. 2019-ൽ സവാളവില 120 രൂപവരെ ഉയർന്നിരുന്നു. 2020-ലും വിലക്കയറ്റമുണ്ടായി. നിലവിൽ പുണെയുടെ പ്രാന്തപ്രദേശങ്ങളിലാണ് സവാളയുടെ ലഭ്യത വൻതോതിലുള്ളത്. മറ്റിടങ്ങളിൽ പല ഗോഡൗണുകളിലും ശേഖരിച്ചിരുന്നവയും നശിച്ചുപോയിട്ടുണ്ട്. പാകമായവയ്ക്കും നാശമുണ്ടായി. ആലപ്പുഴ : കനത്തമഴയെത്തുടർന്നു കേരളത്തിലേക്കുള്ള സവാളയുടെ ലഭ്യത കുറയുന്നു. ഇതരസംസ്ഥാനങ്ങളിലുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും കൃഷിനശിച്ചതാണു കേരളത്തിലെ സവാളവിലയിൽ ഇരട്ടിയോളം വർധനയുണ്ടാക്കിയത്. ഓണംകഴിഞ്ഞ് 15 മുതൽ 20 രൂപവരെയായിരുന്ന സവാളയുടെ വില. ഇപ്പോൾ ഇരട്ടിയിലേറെയായി. ബുധനാഴ്ച കിലോയ്ക്ക് 42 രൂപയായിരുന്നു മൊത്തവ്യാപാര വില. ഒരാഴ്ചയ്ക്കിടെയാണ് ഇത്രയും വ്യത്യാസമുണ്ടായത്.

മഹാരാഷ്ട്രയാണു സവാളയുടെ പ്രധാനകേന്ദ്രം. അതുകഴിഞ്ഞാൽ ബെംഗളൂരു. കനത്തമഴയെത്തുടർന്ന് മഹാരാഷ്ട്രയിലെ ഉത്പാദനത്തിലുണ്ടായ കുറവും വിളവെടുത്തു സംഭരിച്ചിരുന്നവ നശിച്ചുപോയതും വിലയുയരാൻ കാരണമായതായി വ്യാപാരികൾ പറയുന്നു. ബെംഗളൂരുവിലും സ്ഥിതി ഇതുതന്നെ. നിലവിൽ പുണെയിൽനിന്നുള്ള സവാളയാണു കേരളത്തിലേക്കെത്തിക്കുന്നത്. ഇവയ്ക്കുപുറമേ ആന്ധ്രയിൽനിന്നും തമിഴ്‌നാട്ടിൽനിന്നുമുള്ള സവാളയും കേരളത്തിലെത്താറുണ്ട്. സെപ്റ്റംബർ, ഡിസംബർ മാസങ്ങളിൽ സവാളവിലയിൽ നേരിയ ഉയർച്ചയുണ്ടാകാറുണ്ട്. അതിനാൽ തമിഴ്നാട്ടിൽ ഈ സീസണിൽ മാത്രമാണു കൃഷി. മറ്റുസംസ്ഥാനങ്ങളിൽ രണ്ടുതവണ കൃഷിയുണ്ടാകാറുണ്ട്.

വിലയുയരാൻ സാധ്യത

ഇപ്പോഴത്തെ സ്ഥിതിയനുസരിച്ചു വില 50-നു മുകളിൽവരെ ഉയരാൻ സാധ്യതയുണ്ട്. ലോഡ്കിട്ടാതെ വരുമ്പോൾ വിലകൂടും. വലിയ വർധനയുണ്ടാകില്ലെന്നാണു പ്രതീക്ഷിക്കുന്നത്.

വി.എ. ഫസലുദ്ദീൻ

പ്രസിഡന്റ്, വ്യാപാരിവ്യവസായി ഏകോപനസമിതി

ഫ്രൂട്‌സ് ആൻഡ് വെജിറ്റബിൾസ് വിഭാഗം, ആലപ്പുഴ