പള്ളിപ്പുറം : വീട്ടിലെ വൈയ്ക്കോൽപ്പുര വൻകിട ഹോട്ടലിന്റെ സ്യൂട്ട് റൂം പോലെയാക്കി. ഇപ്പോഴിതാ അതിനുള്ളിൽ സിനിമാ തീയേറ്ററും. വെറും 78 ചതുരശ്രയടി മുറിയാണ് തീയേറ്റർ ആയി മാറിയത്. തീയേറ്ററിനു നാലുമീറ്റർനീളവും രണ്ടുമീറ്റർ വീതിയുമേയുള്ളൂ. മാതൃഭൂമി ഏജന്റ് ജയകൃഷ്ണനാണ് ഇവ ഒരുക്കിയിരിക്കുന്നത്.

പ്ലംബിങ്, കോർകട്ടിങ് ഉൾപ്പടെയുള്ള ജോലി ചെയ്യുന്ന ഈ യുവാവ് കോവിഡ് കാലത്ത് വീട്ടിലിരുന്ന് ബോറടിച്ചപ്പോഴാണ് വൈക്കോൽപ്പുരയെ ആഡംബരമുറിയും ഇപ്പോൾ തീയേറ്ററും ആക്കിയത്. സർക്കാരിന്റെ വൻകിട ഹോട്ടലിൽ ജോലിക്കെത്തിയതാണു വൈക്കോൽപ്പുരക്കു മാറ്റംവരുത്താൻ പ്രചോദനമായത്. അവിടുത്തെ സ്യൂട്ട് റൂമിന്റെ മാതൃകയിലാണ് വൈക്കോൽപ്പുരയെ ആഡംബര മുറിയാക്കിയത്.

ഇപ്പോൾ തയ്യാറാക്കിയിട്ടുള്ള തീയേറ്ററിൽ ഒരു തീയേറ്ററിനുവേണ്ട എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. എത്ര ചെറിയവീടാണെങ്കിലും കുടുംബാംഗങ്ങൾക്ക് എൽ.ഇ.ഡി. പ്രൊജക്ടറിലൂടെ സിനിമ കാണാൻ മനോഹരമായി തീയേറ്റർ ഒരുക്കാൻ കഴിയുമെന്നു ജയകൃഷ്ണൻ പറയുന്നു. പള്ളിപ്പുറം ചെറുകാട്ട് പരേതനായ രാമചന്ദ്രൻനായരുടെയും സരസ്വതിയമ്മയുടെയും മകനാണ് ജയകൃഷ്ണൻ. ചിലകൂട്ടുകാരും മാതൃഭൂമി ഏജന്റ് കൂടിയായ സഹോദരൻ അഭിലാഷും എല്ലാവിധ സഹായത്തിനുമുണ്ടായിരുന്നു.

ഏഴ് സ്പീക്കറോടു കൂടിയ ഡി.ടി.എസ്. സൗണ്ട് സിസ്റ്റം, എൽ.ഇ.ഡി. പ്രൊജക്ടർ, പ്രൊജക്ടർ സ്‌ക്രീൻ, വൈഫൈ കണക്‌ഷൻ, എയർ കണ്ടീഷൻ, തീയേറ്ററിലെ പോലെയുള്ള സീറ്റ് അറേഞ്ച്മെന്റ് എക്സിറ്റ്, എൻട്രിബോർഡ് എന്നിവയെല്ലാമുണ്ട്. ഇതിന്റെ 80 ശതമാനം ജോലികളും ജയകൃഷ്ണൻ ഒറ്റയ്ക്കാണുചെയ്തത്. പള്ളിപ്പുറം സാബു എന്ന പെയിന്ററിന്റെ കഴിവും കൂടി ആയപ്പോൾ സിനിമാതീയേറ്ററിന്റെ ഫുൾ ഫീൽ ആയിട്ടുണ്ട്. കുടുംബാംഗങ്ങൾക്കു മാത്രമായുള്ള സൗകര്യമാണിത്.