കുട്ടനാട് : ആലപ്പുഴ-ചങ്ങനാശ്ശേരി റോഡുനവീകരണത്തിന്റെ ഭാഗമായി നിർമിച്ച പൊങ്ങപ്പാലം വ്യാഴാഴ്ച ഗതാഗതത്തിനു തുറന്നുനൽകും. നിശ്ചയിച്ചതിലും ഒരാഴ്ച മുൻപാണ് തുറന്നുകൊടുക്കുന്നത്. 20-നു തുറന്നുനൽകാൻ സാധിക്കുമെന്നാണ് അധികൃതർ കർഷകപ്രതിനിധികളോടും കളക്ടറേറ്റിൽ നടന്ന മന്ത്രി പങ്കെടുത്ത യോഗത്തിലും പറഞ്ഞിരുന്നത്. എന്നാൽ, പാരപ്പെറ്റിന്റെ നിർമാണത്തിലടക്കം പ്രതീക്ഷിച്ച കാലതാമസം നേരിടാത്തതുകൊണ്ടാണ് പാലംപണി വേഗത്തിൽ പൂർത്തിയാക്കാൻ സാധിച്ചതെന്ന് നിർമാണ കമ്പനി അധികൃതർ പറഞ്ഞു.

ആദ്യം പൊളിച്ച് നിർമാണം ആരംഭിച്ച കൈതവന പക്കിപ്പാലം 30-നുമുൻപ് തുറന്നുനൽകണമെന്ന് കർഷകരും ജില്ലാ ഭരണകൂടവും ആവശ്യപ്പെട്ടിരുന്നു. രണ്ടാംകൃഷി നെല്ലുസംഭരണത്തിനു തടസ്സംകൂടാതെ വാഹനങ്ങൾ വന്നുപോകാനാണിത്. ഗർഡർ സ്ഥാപിച്ച് വാർപ്പും കഴിഞ്ഞ പാലത്തിന്റെ അനുബന്ധപാത നിർമാണമടക്കമുള്ള കാര്യങ്ങളാണ് പുരോഗമിക്കുന്നത്. നിശ്ചയിച്ച ദിവസത്തിനു മുൻപുതന്നെ കൈതവന പക്കിപ്പാലവും തുറന്നുനൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.