അമ്പലപ്പുഴ : തോട്ടപ്പള്ളിയിലെ നാടോടിസ്ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒപ്പംതാമസിച്ച യുവാവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കൊട്ടാരക്കര സ്വദേശിനി മോളമ്മ(പെണ്ണമ്മ-49)യെയാണു തിങ്കളാഴ്ച താമസസ്ഥലത്തിനുസമീപം മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്നു കസ്റ്റഡിയിലെടുത്ത കൊട്ടാരക്കര പുത്തൻവീട് സുനിലി(43)ന്റെ അറസ്റ്റാണ് ബുധനാഴ്ചരാവിലെ പതിനൊന്നിന് അമ്പലപ്പുഴ പോലീസ് രേഖപ്പെടുത്തിയത്. പ്രതി മർദിച്ചതിനെത്തുടർന്നുണ്ടായ ആന്തരികരക്തസ്രാവമാണു മരണകാരണമെന്നു പോലീസ് അറിയിച്ചു.

കൈനോട്ടവുമായി ജീവിക്കുന്ന ഇവർ, ഒരാഴ്ചമുൻപാണു തോട്ടപ്പള്ളിയിലെത്തിയത്. മോളമ്മയുടെ മൂന്നാമത്തെ ഭർത്താവാണിത്. സുനിലിന്റെ രണ്ടാമത്തെ ഭാര്യയും. നിയമപരമായി ഇവർ വിവാഹംകഴിച്ചിട്ടില്ല. ഹരിപ്പാട്, തൃക്കുന്നപ്പുഴ, തോട്ടപ്പള്ളിപ്രദേശങ്ങളിൽ വീടുകളിൽ കയറിയിറങ്ങി കൈനോട്ടം നടത്തിയാണു ജീവിച്ചിരുന്നത്. ജോലിചെയ്തുകിട്ടുന്ന പൈസയ്ക്കുമുഴുവനും ഇരുവരും മദ്യപിക്കും. മദ്യപിച്ചശേഷം മോളമ്മ സ്ഥിരമായി സുനിലിനോടു വഴക്കുണ്ടാക്കും. ഇവരെ ഒഴിവാക്കണമെന്ന ലക്ഷ്യത്തോടെ ഏതാനും ദിവസങ്ങളായി സുനിൽ ക്രൂരമായി മർദിച്ചതായി പോലീസ് പറഞ്ഞു.

തലയ്ക്കു കമ്പുകൊണ്ടടിക്കുകയും, വയറിനുതൊഴിക്കുകയും ചവിട്ടുകയും ചെയ്തതായി പ്രതി പോലീസിനോടു സമ്മതിച്ചു. തലയ്ക്കും വയറിനുമേറ്റ മർദനത്തെത്തുടർന്ന് മോളമ്മ രണ്ടുദിവസമായി അവശനിലയിലായിരുന്നു. എന്നാലിവർ താമസിക്കുന്ന ഷെഡ്ഡിൽത്തന്നെ മരണപ്പെടണമെന്ന ആലോചനയിൽ ആശുപത്രിയിൽ കൊണ്ടുപോകാതെ കിടത്തിയിരിക്കുകയായിരുന്നു. കൃത്യസമയത്തു ചികിത്സകിട്ടാതിരുന്നതിന്റെ ഫലമായി ആന്തരികരക്തസ്രാവമുണ്ടായാണു മരിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ബുധനാഴ്ച താമസസ്ഥലത്തെത്തിച്ചു തെളിവെടുപ്പുനടത്തി. തലയ്ക്കിട്ടടിക്കാൻ ഉപയോഗിച്ച വടിയും മറ്റും പ്രതി പോലീസിന് കാണിച്ചുകൊടുത്തു.

ഇവരുടെകൂടെ താമസിച്ചുവരുന്ന നാടോടികളായ ആളുകളുടെ സാക്ഷിമൊഴി പോലീസ് രേഖപ്പെടുത്തി. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്നു പോലീസ് അറിയിച്ചു. അമ്പലപ്പുഴ ഡിവൈ.എസ്.പി. എസ്.ടി. സുരേഷ്‌കുമാർ, നർകോട്ടിക് സെൽ ഡിവൈ.എസ്.പി. ബിനുകുമാർ, അമ്പലപ്പുഴ ഇൻസ്‌പെക്ടർ എസ്. ദ്വിജേഷ്, നെടുമുടി ഇൻസ്‌പെക്ടർ ബിജു, എസ്.ഐ. ടോൾസൺ പി.ജോസഫ്, ചന്ദ്രബാബു, ബൈജു, ബിന്ദു പണിക്കർ, വിഷ്ണു, ലെഞ്ചുമോൾ എന്നിവർ ചേർന്നാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്.