മുതുകുളം : റോഡ്‌ നിർമാണത്തിനും പാർശ്വഭിത്തിക്കുമായി തുക അനുവദിച്ച് മൂന്നുവർഷം കഴിഞ്ഞിട്ടും നാട്ടുകാരുടെ ദുരിതയാത്രയ്‌ക്ക് അറുതിയില്ല. ചിങ്ങോലി ഒന്നാംവാർഡ് കഴുവേറ്റുംകുന്നേൽഭാഗത്തു താമസിക്കുന്ന മുപ്പത്തഞ്ചോളം കുടുംബങ്ങളാണു ബുദ്ധിമുട്ടനുഭവിക്കുന്നത്.

നാലുവർഷംമുൻപാണു കിഴക്കേവീട്ടിൽ മൂലയിൽനിന്ന് ഇവിടേക്കുള്ള പാതയുടെ നിർമാണം ആരംഭിച്ചത്.

150 മീറ്ററൊഴികെ ബാക്കിയുള്ള ഭാഗം കാർത്തികപ്പള്ളി റോഡിന്റെ തെക്കേക്കരയിലൂടെയാണ് കടന്നുപോകുന്നത്. പാണ്ഡ്യാലവരെ തോടിനു പാർശ്വഭിത്തിയും പാതയിൽ ഗ്രാവലും വിരിച്ചിട്ടുണ്ട്.

രണ്ടാംഘട്ടനിർമാണ പ്രവൃത്തിക്കായി രമേശ് ചെന്നിത്തല എം.എൽ.എ.യുടെ 2018-19 വർഷത്തെ ആസ്തിവികസനഫണ്ടിൽനിന്ന്‌ 24 ലക്ഷം രൂപ അനുവദിച്ചു. ടെണ്ടർ നടപടികൾ പൂർത്തിയായെങ്കിലും റവന്യൂ ഉദ്യോഗസ്ഥരുടെയും മറ്റു വകുപ്പുകളുടെയും അനാസ്ഥയെത്തുടർന്നാണു നിർമാണം ആരംഭിക്കാത്തതെന്നാണ് ആക്ഷേപം.

മന്ത്രി പങ്കെടുത്ത യോഗത്തിലും ചർച്ചയായി

മന്ത്രി കെ. രാജനും രമേശ് ചെന്നിത്തലയും ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലും ഇതേക്കുറിച്ചു ചർച്ചചെയ്‌തിരുന്നു. തോടും പുറമ്പോക്കും അളന്നു തിട്ടപ്പെടുത്തി നൽകേണ്ടത് റവന്യൂവകുപ്പാണ്.

ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ് നിരവധി തവണ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെ നേരിൽക്കണ്ടു പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിരുന്നു. നൂലാമാലകൾ ചൂണ്ടി‌ക്കാട്ടുന്നതല്ലാതെ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ലെന്നു നാട്ടുകാർ ആരോപിച്ചു.