ചേർത്തല : അഞ്ചു വയസ്സുകാരി അനയയുടെ അടിയന്തര ശസ്ത്രക്രിയക്കായി, രണ്ടു മണിക്കൂർകൊണ്ട് ശാവശ്ശേരി നിവാസികൾ സമാഹരിച്ചത് ഒരുലക്ഷത്തിൽപ്പരം രൂപ. ചേർത്തല നഗരസഭ ഒൻപതാം വാർഡിൽ ആലപ്പാട്ട് വീട്ടിൽ അജേഷിന്റെയും അമിതയുടെ മകൾ അനയയുടെ ശസ്ത്രക്രിയ തിങ്കളാഴ്ചയാണ്.

തലയിൽ ട്യൂമർ ബാധിച്ച അനയയ്ക്ക് തിരുവനന്തപുരം ആർ.സി.സി.യിൽ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നതാണ്. എന്നാൽ, കോവിഡിന്റെ സാഹചര്യത്തിൽ അവിടെ ശസ്ത്രക്രിയ വൈകുമെന്നതിനാൽ, അനയയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ തിങ്കളാഴ്ച അടിയന്തര ശസ്ത്രക്രിയയും തീരുമാനിച്ചു.

കൂലിപ്പണിക്കാരനായ അജേഷിന്, അനയയുടെ ചികിത്സാച്ചെലവിനു പണം കണ്ടെത്താനാവാതെ വന്നപ്പോഴാണ് ശാവശ്ശേരി വികസനസമതി രംഗത്തെത്തിയത്. ഞായറാഴ്ച രാവിലെ രണ്ടു മണിക്കൂർകൊണ്ട് അവർ നഗരസഭ ഒൻപതാം വാർഡിൽനിന്ന് 1,01,120 രൂപ സമാഹരിച്ചു. മുൻ മന്ത്രി പി. തിലോത്തമൻ അനയയുടെ കുടുംബാംഗങ്ങൾക്കു പണം കൈമാറി. യോഗത്തിൽ ശാവശ്ശേരി ശ്രീനാരായണപുരം സുബ്രമണ്യക്ഷേത്രം പ്രസിഡന്റ് കെ. ഗോപിനാഥ് അധ്യക്ഷനായി. ചേർത്തല നഗരസഭ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, വാർഡ് കൗൺസിലർ പി. എസ്. ശ്രീകുമാർ, മുതുകുളം സോമനാഥ്, പി. എസ്. മോഹൻ, പി. പ്രകാശൻ എന്നിവർ പ്രസംഗിച്ചു.