എം. അഭിലാഷ്

അമ്പലപ്പുഴ

: കോവിഡ് പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ക്ഷീരകർഷകർക്കു ദുരിതമായി കന്നുകാലികളിലെ കുളമ്പുരോഗവും. ഏപ്രിൽ 21-ന് അമ്പലപ്പുഴ ബ്ലോക്കിലെ കഞ്ഞിപ്പാടം ക്ഷീരസംഘം പരിധിയിലാണ് ഒരിടവേളയ്ക്കുശേഷം രോഗം കണ്ടെത്തിയത്. തുടർന്ന് മറ്റിടങ്ങളിലും രോഗം വ്യാപിച്ചു. 2020 ഫെബ്രുവരിക്കുശേഷം കന്നുകാലികളിൽ പ്രതിരോധകുത്തിവെപ്പ്‌ മുടങ്ങിയതാണ് കാരണം.

രോഗംബാധിച്ചു ചത്തത് 181 കാലികൾ

അമ്പലപ്പുഴ, ആര്യാട്, ചമ്പക്കുളം, ചെങ്ങന്നൂർ, ഹരിപ്പാട്, മാവേലിക്കര, വെളിയനാട്, മുതുകുളം ബ്ലോക്കിലാണ് രോഗബാധ രൂക്ഷം. പശു, കിടാരി, കിടാവുൾപ്പെടെ 181 കന്നുകാലികളാണ് ചത്തത്. 1,561 കന്നുകാലികൾക്കു രോഗബാധയുണ്ടായി. അമ്പലപ്പുഴ ബ്ലോക്കിലാണ് രോഗംബാധിച്ച് കാലികളധികവും ചത്തത്.

,000 ലിറ്റർ പാല്‍ കുറഞ്ഞു

രോഗബാധയുള്ള കന്നുകാലികളിൽ പാലുത്പാദനം കാര്യമായി കുറഞ്ഞു. കാറ്റിലൂടെ രോഗം പടരുന്നതിനാൽ മറ്റുള്ളവയിലേക്കും എളുപ്പത്തിൽ പടരും. കുളമ്പുരോഗം കണ്ടെത്തിയശേഷം ജില്ലയിൽ പ്രതിദിന പാലുത്പാദനത്തിൽ 6,000 ലിറ്ററിന്റെ കുറവുണ്ടായി. 230 ക്ഷീരസംഘങ്ങളിൽനിന്നായി പുന്നപ്ര മിൽമ ഡെയറി സംഭരിച്ചിരുന്ന 89,000 ലിറ്റർ പാൽ 83,000 ലിറ്ററായി കുറഞ്ഞു. 10,100 കർഷകരാണ് ജില്ലയിലെ ക്ഷീരസംഘങ്ങളിൽ പാലളക്കുന്നത്. വീടുകളിൽ വിൽപ്പന നടത്തുന്നവരുമുണ്ട്.

ക്ഷീരവികസനവകുപ്പിന്റെ കണക്കുപ്രകാരം 181 കന്നുകാലികൾ ചത്ത വകയിൽ 29.83 ലക്ഷത്തിന്റെ നഷ്ടമാണുണ്ടായത്. 62 പശുക്കളും 48 കിടാക്കളും 71 കിടാരികളുമാണു ചത്തത്. പശുവിന് 30,000 രൂപയാണ് നഷ്ടം കണക്കാക്കുന്നത്. 10 ലിറ്റർ പാൽ കിട്ടുന്ന പശുക്കൾക്ക് 60,000 രൂപയ്ക്കുമുകളിൽ വിലവരുമെന്നു കർഷകർ പറയുന്നു.

മറവുചെയ്യുന്നതും ബാധ്യത

കറവപ്പശു ചാകുമ്പോൾ വരുമാനം നിലയ്ക്കുന്ന ക്ഷീരകർഷകനു ജഡംമറവുചെയ്യാനും ഭാരിച്ച ബാധ്യതയാണ്. യന്ത്രസഹായത്താൽ കുഴിയെടുത്താണു മറവുചെയ്യുക. മൂന്നോ നാലോ സെന്റ് സ്ഥലത്തു കഴിയുന്നവർ തൊഴുത്തിൽ ചിതയൊരുക്കി ജഡം കത്തിക്കുകയാണ്. പതിനായിരത്തിനു മുകളിലാണ് ചെലവ്.