ചെങ്ങന്നൂർ : പൈപ്പിൻചുവട്ടിൽ മണിക്കൂറുകളോളം കാത്തിരിക്കണം. ഇടയ്ക്കുലഭിക്കുന്ന വെള്ളമാണ് കുടിക്കാനും കുളിക്കാനുമെല്ലാം ഉപയോഗിക്കാൻ.

എന്നാൽ, കഴിഞ്ഞ ഒരാഴ്ചയായി നൂറ്റവൻപാറയിലെത്തുന്നത് മലിനജലമാണ്. ചേറുനിറഞ്ഞ വെള്ളത്തിൽ പുഴുക്കൾ നിറഞ്ഞുകിടക്കുന്നു. പുലിയൂർ പഞ്ചായത്ത് നാലാംവാർഡിലെ നൂറ്റവൻപാറയിലെ ജനങ്ങൾക്കാണ് ഈ ദുരവസ്ഥ.

നൂറ്റവൻപാറ കുടിവെള്ളപദ്ധതിയുടെ ഭാഗമായി എട്ടുലക്ഷം രൂപയുടെ നവീകരണപ്രവർത്തനങ്ങളാണ് അടുത്തിടെ നടത്തിയത്. എന്നാൽ, അതിന്റെ ഗുണം ലഭിച്ചിട്ടില്ല. കുടിവെള്ളത്തിനായി പദ്ധതിയെ മാത്രമാശ്രയിക്കുന്ന നൂറുകണക്കിനു കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.

വർഷം പഴക്കമുള്ള പദ്ധതി

പാറക്കെട്ടുകൾനിറഞ്ഞ ഉയർന്നപ്രദേശത്ത് 1962-ലാണ് കുടിവെള്ളപദ്ധതിയാരംഭിച്ചത്. ആദ്യഘട്ടത്തിൽ പ്രദേശത്തെ 150 കുടുംബങ്ങൾ മാത്രമായിരുന്നു ഉപഭോക്താക്കൾ. ഉപഭോക്താക്കളുടെ എണ്ണം ഇരട്ടിയിലധികമാെയങ്കിലും പദ്ധതി വിപുലീകരിച്ചിട്ടില്ല.

നഗരസഭയുടെ 17, 19, 20, 21 വാർഡുകളും പുലിയൂർ പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളും പദ്ധതിയുടെ ഭാഗമായി. നിലവിൽ ജനസംഖ്യ കണക്കിലെടുത്താൽ സംവിധാനങ്ങൾ അപര്യാപ്തമാണ്.