മുതുകുളം: ചെറുപ്പം മുതലേ സസ്യങ്ങളുടെ ചങ്ങാതിയായ കെ.ജി. രമേശിന് കിട്ടിയ അംഗീകാരമാണു വനംവകുപ്പിന്റെ ഈ വർഷത്തെ വനമിത്ര പുരസ്‌കാരം. കണ്ടല്ലൂർ പുല്ലുകുളങ്ങര ആറാട്ടുകുളങ്ങര ജങ്ഷനു സമീപം പ്രണവം വീട്ടിൽ ഒന്നേകാൽ ഏക്കറോളം വരുന്ന സ്ഥലത്ത് 'ലക്ഷ്മീസ് അറ്റോൾ' എന്ന ഇദ്ദേഹത്തിന്റെ ഉദ്യാനം സസ്യവർഗ സമ്പന്നമാണ്. ആയിരത്തഞ്ഞൂറോളോം സസ്യങ്ങളാണ് ഇവിടെ വളരുന്നത്.
ഇതിൽ ഔഷധ വൃക്ഷങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളും ജലസസ്യങ്ങളും ഉൾപ്പെടും. അപൂർവങ്ങളായ ശിംശിപാവൃക്ഷം, കമണ്ഡലു മരം, കടുവാ പിടുക്കൻ, ചെമ്മരം, ഭൂതി ഉണർത്തി, മരവുരി, അകോരി എന്നിവയെല്ലാം ഉദ്യാനത്തിലുണ്ട്. നാഗലിംഗമരം, ബ്രൗണിയ, ഊദ് മരം, കൽത്താമര, കായം, കാരമരം, സോമലത, കരിങ്ങാലി, റംബുട്ടാൻ, ലിച്ചി, മിറാക്കിൾ ഫ്രൂട്ട്, ഫെവിക്കോൾ മരം, പനച്ചി, കർപ്പൂര മരം, രുദ്രാക്ഷം തുടങ്ങിയവയും വളരുന്നുണ്ട്. ഇരുപത്തിയേഴ് ഇനം നക്ഷത്ര വൃക്ഷങ്ങൾ, മൂന്നുതരം കടമ്പുകൾ, പതിനേഴിനം തുളസി, പതിനഞ്ചോളം ആൽമരങ്ങളുമുണ്ട്. കൂടാതെ വിവിധ ഇടവിളകൃഷികൾ, പച്ചക്കറികൾ, നാടൻ മത്സ്യക്കൃഷി, നാടൻ പശുക്കൾ, നാടൻ കോഴികൾ എന്നിവയെല്ലാം വീട്ടിലുണ്ട്.
സസ്യ വൈവിധ്യങ്ങൾ കാണാനും മനസ്സിലാക്കാനും ഗവേഷണ വിദ്യാർഥികളും സ്കൂൾ-കോളേജ് കുട്ടികളും എത്താറുണ്ട്.
ഇവർക്കു മനസ്സിലാകാനായി ഒട്ടുമിക്ക സസ്യങ്ങളിൽ ശാസ്ത്രീയനാമം എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്. സസ്യങ്ങളുടെ ശേഖരണത്തിനായി കേരളമാകെ ഇദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്.
സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ അക്ഷയശ്രീ, സി.പി.സി.ആർ.ഐ. അവാർഡുകൾ കൃഷി വകുപ്പിന്റെ പഞ്ചായത്തിലെ മികച്ച കർഷകൻ എന്നീ അംഗീകാരങ്ങളും കെ.ജി. രമേശിന് കിട്ടിയിട്ടുണ്ട്.
അപൂർവ സസ്യജാലങ്ങൾ സംരക്ഷിക്കുകയും വരും തലമുറക്കു പ്രയോജനപ്പെടുന്ന രീതിയിൽ വളർത്തി എടുക്കുകയും ചെയ്യുക എന്നതാണ് 'ലക്ഷ്മീസ് അറ്റോൾ' ലക്ഷ്യം വെക്കുന്നതെന്ന് കെ.ജി. രമേശ് പറഞ്ഞു. ഭാര്യ കണ്ടല്ലൂർ വടക്ക് മുകുന്ദവിലാസം എൽ.പി.സ്കൂൾ പ്രഥമാധ്യാപിക വി. രമാദേവിയും സസ്യങ്ങളുടെ ശേഖരണത്തിനും പരിപാലനത്തിനും കൂട്ടായി എപ്പോഴും രമേശിനൊപ്പമുണ്ട്. മക്കൾ: മനു, ലക്ഷ്മി.