മാലിന്യം പരന്നൊഴുകിയതോടെ നാട്ടുകാർ ദുരിതത്തിൽ
പള്ളിപ്പുറം : പൊതുതോട്ടിൽ തള്ളിയ കക്കൂസ് മാലിന്യം വെള്ളക്കയറ്റത്തിൽ പരന്നൊഴുകി. മലിനജലം ചവിട്ടി യാത്രചെയ്യുന്ന പ്രദേശവാസികൾക്കു ചൊറിച്ചിലടക്കമുള്ള അലർജി വ്യാപകമാകുന്നു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 17-ാം വാർഡിലെ വാഴത്തറയിലാണു സമൂഹവിരുദ്ധർ കാരണം നാട്ടുകാർ ദുരിതമനുഭവിക്കുന്നത്. വാഴത്തറ തോട്ടിലാണു കഴിഞ്ഞ ദിവസങ്ങളിലായി ലോഡ് കണക്കിനു കക്കൂസ് മാലിന്യം തള്ളിയത്.
ഓരുവെള്ളക്കയറ്റം തടയാൻ മുട്ടിട്ട വാഴത്തറ തോട് പിന്നീട്, ചെറുതായി തുറക്കേണ്ടിവന്നു. നാലുദിവസമായി പെയ്ത മഴയായിരുന്നു കാരണം. ഇത്തരത്തിൽ തുറന്നപ്പോഴാണു വാഴത്തറ തോടിന്റെ കിഴക്കുഭാഗത്തു തള്ളിയ കക്കൂസ് മാലിന്യം പടിഞ്ഞാറു ഭാഗത്തേക്ക് ഒഴുകിയെത്തിയത്. എന്നാൽ, വേലിയേറ്റം മൂലം ഇത്തരത്തിൽ ഒഴുകിയ വെള്ളം കായലിലേക്കു പോകാതെ സമീപത്തേക്കു വ്യാപിക്കുകയായിരുന്നു. ഇതാകട്ടെ തോടിനോടു ചേർന്നുള്ള നിരവധി പേരുടെ യാത്രാവഴിയുമാണ്.
അസഹ്യമായ ദുർഗന്ധവും വെള്ളത്തിന്റെ കലക്കലും ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിൽ ചിലർ നടത്തിയ പരിശോധനയിലാണു തോടിന്റെ കിഴക്കേയറ്റത്തു ലോഡ് കണക്കിനു കക്കൂസ് മാലിന്യം തള്ളിയതായി കണ്ടെത്തിയത്.
വ്യവസായ വികസന കേന്ദ്രത്തിലെ റോഡിനോടു ചേർന്നാണു വാഴത്തറ തോടിന്റെ കിഴക്കുഭാഗം. ആൾത്തിരക്കു കുറഞ്ഞ ഇവിടെയാണു മാലിന്യം തള്ളിയതും. അതുകൊണ്ടുതന്നെ പ്രദേശത്തെക്കുറിച്ചു നന്നായി അറിയാവുന്നവരാണ് ഇതിനു പിന്നിലെന്നു നാട്ടുകാർ പറയുന്നു. 16-ാം വാർഡിൽ സമൂഹവിരുദ്ധർ തള്ളിയ മാലിന്യം ഇപ്പോൾ 17-ാം വാർഡിലെ വാഴത്തറ നിവാസികളേയാണു വലയ്ക്കുന്നത്.