ഡ്രൈവറുടെ നിയമനത്തിനു കൗൺസിൽ യോഗത്തിൽ വിയോജിപ്പ്
മാവേലിക്കര : ഔദ്യോഗിക വാഹനമുപേക്ഷിച്ച മാവേലിക്കര നഗരസഭാ ചെയർമാൻ കെ.വി. ശ്രീകുമാർ ബുധനാഴ്ച രാവിലെ സൈക്കിളിൽ നഗരസഭാ ഓഫീസിലെത്തി. താത്‌കാലിക ഡ്രൈവറെ നിയമിച്ച നടപടിക്കു കൗൺസിൽ യോഗത്തിൽ അംഗീകാരം ലഭിക്കാത്തതിനെ തുടർന്ന് ഔദ്യോഗിക വാഹനത്തിന്റെ താക്കോൽ ചൊവ്വാഴ്ച ചെയർമാൻ നഗരസഭാ സെക്രട്ടറിക്കു തിരികെ നൽകിയിരുന്നു. തനിക്കു വിശ്വസ്തനായ ആളിനെ നിയോഗിക്കാൻ കൗൺസിൽ അനുമതി നൽകിയില്ലെങ്കിൽ നഗരസഭാ ഓഫീസിലെത്താൻ മറ്റു മാർഗങ്ങൾ സ്വീകരിക്കുമെന്നു ചെയർമാൻ കൗൺസിലിൽ അറിയിച്ചിരുന്നു.നഗരസഭയിൽ തുടക്കത്തിൽ തന്നെ ഭരണ അസ്ഥിരതയുണ്ടാക്കാൻ സി.പി.എമ്മും ബി.ജെ.പി.യും രാഷ്ട്രീയം കളിക്കുകയാണെന്നു ഡി.സി.സി. വൈസ് പ്രസിഡന്റ് കെ.ആർ. മുരളീധരൻ ആരോപിച്ചു.
തനിക്കുള്ള യോഗ്യതക്കുറവ് സി.പി.എമ്മും ബി.ജെ.പി.യും വ്യക്തമാക്കണം- കെ.വി. ശ്രീകുമാർ
മാവേലിക്കര : തനിക്കു ചെയർമാനെന്ന നിലയിൽ എന്തെങ്കിലും യോഗ്യതക്കുറവുണ്ടെങ്കിൽ അതു വ്യക്തമാക്കാൻ സി.പി.എമ്മും ബി.ജെ.പി.യും തയ്യാറാകണമെന്നു മാവേലിക്കര നഗരസഭാ ചെയർമാൻ കെ.വി. ശ്രീകുമാർ ആവശ്യപ്പെട്ടു. നഗരസഭയിലെ സി.പി.എം.-ബി.ജെ.പി. അവിശുദ്ധ കൂട്ടായ്മയുടെ ഉദാഹരണമാണ് ആർക്കും ചേതമില്ലാത്ത ഒരു കാര്യത്തിൽ തനിക്കെതിരേ ഉണ്ടായനീക്കം.
കഴിഞ്ഞ ഭരണ കാലഘട്ടത്തിലും ഈ സഖ്യം നിലനിന്നിരുന്നു. മുൻ ചെയർപേഴ്‌സൺ നിയമിച്ച താത്‌കാലിക ഡ്രൈവർമാർക്കൊപ്പം ജീവനു ഭീഷണിയുള്ള താൻ എന്തു വിശ്വസിച്ചു സഞ്ചരിക്കുമെന്നും കെ.വി. ശ്രീകുമാർ പറഞ്ഞു.