കണ്ടെത്തിയത് പുന്നപ്ര, പറവൂർ, വാടയ്ക്കൽ മേഖലകളിൽ
അമ്പലപ്പുഴ : പേവിഷബാധയെത്തുടർന്ന് വാടയ്ക്കലിൽ ഒരുപശുകൂടി ചത്തു. ഇതോടെ അമ്പലപ്പുഴ, പുന്നപ്ര പ്രദേശങ്ങളിലായി അടുത്തദിവസങ്ങളിൽ ചത്തവയുടെ എണ്ണം പതിമൂന്നായി. കോവിഡുണ്ടാക്കിയ നഷ്ടത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ക്ഷീരകർഷകർക്ക് ഇരുട്ടടിയായി പേവിഷബാധ.
പുന്നപ്ര, പറവൂർ, വാടയ്ക്കൽ ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകരുടെ പശുക്കളിലാണു പേവിഷബാധ കണ്ടെത്തിയത്. ആറുപശുക്കളും ആറു പശുക്കിടാങ്ങളും ഒരു എരുമയും ഒരു കാളക്കുട്ടിയും ചത്തതായാണ് ഔദ്യോഗികവിവരം. പറവൂരിൽ ഒരു പശുക്കിടാവും ഒരു കാളക്കുട്ടിയും പേവിഷബാധയേറ്റു ചികിത്സയിലുണ്ട്. പകൽ സമയങ്ങളിൽ പുല്ലുതിന്നാൻ കെട്ടുന്ന സ്ഥലത്തോ, രാത്രിയിൽ തൊഴുത്തിലോയെത്തി തെരുവുനായ്ക്കൾ ഇവയെ കടിച്ചിട്ടുണ്ടാകാമെന്നാണു കരുതുന്നത്.
കടിയേറ്റു ദിവസങ്ങൾക്കുശേഷമാണു പേവിഷബാധയുടെ ലക്ഷണങ്ങൾ കാണുന്നത് എന്നതിനാൽ യഥാസമയം വാക്‌സിൻ നൽകി ഇവയെ രക്ഷിക്കാനായില്ല. ചത്ത ഉരുക്കളെ ആഴത്തിൽ കുഴിയെടുത്തു മൂടുന്നതിന്റെ സാമ്പത്തികച്ചെലവും കർഷകന്റെ തലയിലാണ്.
ഉചിതമായ സഹായം നൽകണം- മിൽമ
പേവിഷബാധ കാണിക്കുന്ന ഉരുക്കളുടെ എണ്ണത്തിൽ ദിനംപ്രതി വർധനയുണ്ടാകുമ്പോൾ, ചികിത്സാഭാരവും കർഷകനുണ്ടാകുന്ന സാമ്പത്തികനഷ്ടവും കണക്കിലെടുത്ത് ഉചിതമായ സഹായം നൽകണമെന്നു മിൽമ.
ഇക്കാര്യം ആവശ്യപ്പെട്ടു മിൽമയ്ക്കുവേണ്ടി മാനേജർ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്കും അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാർക്കും പരാതി നൽകി. രോഗപ്രതിരോധനടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
പിടിച്ചുകെട്ടണം തെരുവുനായ്ക്കളെ
പേവിഷബാധ റിപ്പോർട്ടുചെയ്യപ്പെട്ട പ്രദേശങ്ങളിലെല്ലാം തെരുവുനായ്ക്കൾ ധാരാളമായുണ്ട്. രാത്രിയിലാണ് ഇവയുടെ സഞ്ചാരമധികവും. രാത്രിസമയങ്ങളിൽ യാത്രക്കാർക്കും ഇവ ഭീഷണിയാണ്. വാഹനങ്ങൾ വരുമ്പോൾ കൂട്ടമായി പിന്തുടരുന്ന നായ്ക്കൂട്ടം അപകടങ്ങൾക്കു വഴിയൊരുക്കും. കാറിനു പിന്നാലെ ഓടിയെത്തുന്ന നായ്ക്കൾ ചില്ലുതുറന്നുകിടന്നാൽ ചാടിക്കയറാനും ശ്രമിക്കും. പഴയനടക്കാവ്, വാടയ്ക്കൽ വ്യവസായ വികസനമേഖല തുടങ്ങിയ പ്രദേശങ്ങളിലെല്ലാം തെരുവുനായ്ക്കൾ പേടിസ്വപ്‌നമാണ്.