മാസങ്ങൾക്കുശേഷം തിയേറ്റുകളിൽ പ്രദർശനമാരംഭിച്ചു
ആലപ്പുഴ : ഇരുട്ടുമുറികളിലെ കസേരകൾ പഴയതിലും ഗ്ലാമറായി. സൗണ്ട് സിസ്റ്റങ്ങൾക്കു ശബ്ദഗാംഭീര്യമേറിയതുപോലെ. പ്രിയനായകനായുള്ള ആർപ്പുവിളികളും ആരവങ്ങളും ആവേശമൊട്ടും ചോരാതെ സദസ്സിൽ നിറഞ്ഞു. ശബ്ദകോലാഹലങ്ങളെ ഇടയ്ക്കിടെ മാസ്ക് മറയ്ക്കുന്നുണ്ടെന്നു മാത്രം.
നീണ്ട 10 മാസക്കാലത്തിനു ശേഷമാണു വെള്ളിത്തിര സജ്ജീവമാകുന്നത്. ആദ്യദിനത്തിൽ വിജയ് ചിത്രമായ മാസ്റ്ററാണ് പ്രദർശനം നടത്തിയത്. ഇളയദളപതിയുടെ ആരാധകർ രാവിലെ തന്നെ എത്തിയിരുന്നു. പോസ്റ്ററുകളും ബാനറുകളുമെല്ലാമായാണ് ആരാധകരെത്തിയത്. എങ്കിലും കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ ശ്രദ്ധിച്ചു.
മൂന്നു ഷോകൾ മാത്രമാണുണ്ടായിരുന്നത്. മിക്കയിടങ്ങളിലും ആദ്യ രണ്ടുഷോകളും ചിലയിടങ്ങളിൽ മൂന്നുഷോകളും ആരാധകർതന്നെ ബുക്കു ചെയ്തിരുന്നു. തിയേറ്റുകൾക്ക് ഇളവുകൾ ലഭിക്കുമെന്നറിഞ്ഞപ്പോൾ മുതൽ ശുചീകരണ പ്രവർത്തനങ്ങളും യന്ത്രങ്ങളുടെ പ്രവർത്തനക്ഷമതയും ഉറപ്പാക്കിയിരുന്നു. സാമൂഹികാകലം ഉറപ്പാക്കുന്നതിന് അൻപതു ശതമാനം മാത്രം സീറ്റുകളിലായിരുന്നു പ്രവേശനാനുമതി. ഒന്നിടവിട്ടുള്ള സീറ്റുകളിൽ റിബണുകൾ കെട്ടി വേർതിരിച്ചിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ പല തിയേറ്ററുകളിലും അണുനശീകരണവും നടത്തി. തെർമൽ സ്കാനിങ് നടത്തിയശേഷമാണു കാണികളെ അകത്തേക്കു പ്രവേശിപ്പിച്ചത്.
മികച്ച പ്രതികരണം
വലിയ പ്രതീക്ഷയോടെയായിരുന്നു തുടക്കം. ആദ്യ ദിനത്തിൽ നിറഞ്ഞ സദസ്സായിരുന്നു. എല്ലാവിധ സുരക്ഷയും കൃത്യമായി പാലിച്ചിരുന്നു
ആർ. കണ്ണൻ
(മാനേജർ, കൈരളി തിയേറ്റർ)
പ്രതീക്ഷകൾക്ക് തുടക്കം
ഏറെ നാളത്തെ പ്രതിസന്ധികൾ കടന്നാണ് ഈ ദിനത്തിലെത്തിയത്. ആദ്യ പ്രദർശനത്തിനു തമിഴ് ചിത്രമായിരുന്നിട്ടും മികച്ച പ്രതികരണമായിരുന്നു. നിർദേശങ്ങൾ പാലിക്കാൻ കാണികൾ മറന്നില്ല
വി.എ. മാത്യു
(മാനേജർ, പങ്കജ് തിയേറ്റർ)
ഒത്തുചേരലിന്റെ സന്തോഷം
വലിയ ആകാംഷയോടെയാണ് 10 മാസങ്ങൾക്കുശേഷം തിയേറ്ററിലെത്തിയത്. സുഹൃത്തുക്കളുമായുള്ള ഒത്തുചേരലിന്റെ സന്തോഷവുമുണ്ടായിരുന്നു.
ശരത് നടേശൻ (സിനിമാപ്രേമി)