പ്രാദേശിക ഡ്രൈവർമാർ തിങ്കളാഴ്ചയും ലോറി തടഞ്ഞു

വിതരണം ചെയ്യാനാകാതെ 10,000 ചാക്ക്

തുറവൂർ : കരാറുകാരും പ്രാദേശിക ഡ്രൈവർമാരും തമ്മിലുള്ള തർക്കം പരിഹരിക്കാനാകാത്തതിനെത്തുടർന്ന് പട്ടണക്കാട് മിൽമ ഫാക്ടറിയിൽ കാലിത്തീറ്റ ഉത്പാദനം നിലച്ചു. 10,000 ചാക്ക് കാലിത്തീറ്റയാണ് കയറ്റിയയക്കാനാകാതെ ഫാക്ടറിയിൽ കെട്ടിക്കിടക്കുന്നത്.

കാലിത്തീറ്റ കയറ്റാനെത്തിയ ലോറികൾ തിങ്കളാഴ്ചയും പ്രാദേശിക ഡ്രൈവർമാർ തടഞ്ഞു. തുടർന്ന് കുത്തിയതോട് സി.ഐ. എ.വി. സൈജു, ആലപ്പുഴ ജില്ലാ ലോറി ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് ആൻഡ്‌ ക്ലീനേഴ്സ് യൂണിയൻ (സി.ഐ.ടി.യു.), ജില്ലാ ജോ. സെക്രട്ടറി ഒ. അഷറഫ്, കൺവീനർ എസ്.വി. സുമേഷ്, സി.പി.എം. ജില്ലാ കമ്മിറ്റി അംഗം എൻ.പി. ഷിബു, മാനേജ്മെൻറ്‌്‌ പ്രതിനിധികൾ, കരാറുകാർ എന്നിവരുമായി നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കാലിത്തീറ്റ വിതരണത്തിനായി കരാറെടുത്തവരും ഡ്രൈവർമാരും തമ്മിലാണു ദിവസങ്ങൾക്കുമുൻപ്‌ തർക്കം ആരംഭിച്ചത്. മുൻപ്‌ വിതരണക്കരാർ ഏറ്റെടുത്തയാൾ പ്രദേശത്തെ ലോറിക്കാരെ കാലിത്തീറ്റയുമായി പോകാൻ ഓട്ടംവിളിച്ചിരുന്നു. എന്നാലിപ്പോൾ പ്രാദേശിക ലോറികളെ പൂർണമായി ഒഴിവാക്കിയതാണു പ്രശ്നങ്ങൾക്കുതുടക്കമെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം. പ്രദേശത്തെ ലോറികൾ കാലിത്തീറ്റ കൊണ്ടുപോകാൻ വിളിക്കണമെന്നകാര്യം കരാറിൽ പറയുന്നില്ലെന്നു കരാറുകാർ പറയുന്നു. മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിച്ച് കരാറിൽനിന്ന് പിൻതിരിപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും വിട്ടുവീഴ്ചയ്ക്കു തയ്യാറായപ്പോൾ അമിതമായ വാടകയാണു ഡ്രൈവർമാർ ചോദിക്കുന്നതെന്നും കരാറുകാർ പറഞ്ഞു.

കരാറുകാരനെത്തിച്ച ആറുലോറികൾ ദിവസങ്ങളായി ഫാക്ടറിയിൽ പ്രവേശിക്കാനാകാതെ റോഡരികിൽ നിർത്തിയിട്ടിരിക്കുകയാണ്. പ്രദേശത്തെ ലോറിത്തൊഴിലാളികൾക്ക് തൊഴിലില്ലാതാക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും തിരുവനന്തപുരം, കൊല്ലം ജില്ലകളൊഴികെ മറ്റു ജില്ലകളിലേക്ക് കാലിത്തീറ്റ കൊണ്ടുപോകുന്നതിൽ തടസ്സങ്ങളൊന്നുമില്ലെന്നും ആലപ്പുഴ ജില്ലാ ലോറി ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് ആൻഡ്‌ ക്ലീനേഴ്സ് യൂണിയനിലെ (സി.ഐ.ടി.യു.) ജില്ലാ പ്രസിഡൻറ്‌്‌ സി.ബി. ചന്ദ്രബാബു പറഞ്ഞു.

ഉത്പാദനത്തെ ബാധിക്കുന്നതരത്തിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്. ഇതൊരു ക്രമസമാധാന പ്രശ്നമാണെന്നും എന്തുതന്നെ സംഭവിച്ചാലും കരാറുകാരനൊപ്പമാണ് തങ്ങളെന്നും മാനേജ്മെൻറ്‌്‌ അധികൃതർ അറിയിച്ചു.