ശൗചാലയത്തിന്റെ പണിതുടങ്ങി

വീൽച്ചെയറും തയ്യൽമെഷീനും കൈമാറി

ചേർത്തല : വെള്ളക്കെട്ടിൽ നീന്തി ബുദ്ധിമുട്ടുന്ന സതിയുടെ സംരക്ഷണം പൂർണമായും സായിഗ്രാമം ഏറ്റെടുത്തു. സത്യസായി ഓർഫനേജ് ട്രസ്റ്റ് ഫൗണ്ടർ ആൻഡ് എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. അനന്തകുമാറിന്റെ നിർദേശപ്രകാരം സായിഗ്രാമം ഭാരവാഹികൾ കടക്കരപ്പള്ളിയിലെ സതിയുടെ വീട്ടിലെത്തി. പ്രാഥമികമായി സതിക്കു വീൽച്ചെയറും കുടുംബത്തിനു വരുമാനമാർഗം കണ്ടെത്താൻ സഹോദരി അജിതക്കായി തയ്യൽമെഷീനും കൈമാറി.

സതിയുടെ വീടിനോടുചേർന്നു കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്തുചെയ്യുന്ന ശൗചാലയ നിർമാണവും സായിഗ്രാമം ഏറ്റെടുത്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ​െജയിംസ് ചിങ്കുതറയുമായി സംസാരിച്ചശേഷമാണിത്. മൂന്നുദിവസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കിനൽകുമെന്നു കെ.എൻ. അനന്തകുമാർ പറഞ്ഞു. തിരുവന്തപുരത്തെ സായിഗ്രാമത്തിലെ വിദഗ്ധരായ തൊഴിലാളികളെയാണിതിനായി എത്തിച്ചിരിക്കുന്നത്.

വീട്ടിലെ വെള്ളക്കെട്ടിൽ നീന്തിയും നിരങ്ങിയും ദയനീയജീവിതം നയിച്ചിരുന്ന അംഗപരിമിതയായ സതിയെക്കുറിച്ച് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചതിനെത്തുടർന്നു വിവിധഭാഗങ്ങളിൽനിന്നു ഇടപെടലും സഹായ വാഗ്‌ദാനങ്ങളുമെത്തിയിരുന്നു. സതിയുടെ വെള്ളക്കെട്ടിലെ നീന്തലൊഴിവാക്കാനാണു വീടിനോടുചേർന്നു ശൗചാലയനിർമാണം ഗ്രാമപ്പഞ്ചായത്ത് ഏറ്റെടുത്തത്. ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി ആറുമാസത്തിനുള്ളിൽ വീടുനിർമാണവും പഞ്ചായത്തു പ്രഖ്യാപിച്ചിട്ടുണ്ട്.

ശൗചാലയം നിർമിക്കാനുള്ള നടപടികൾ ലോക്ഡൗൺ നിയന്ത്രണത്തിൽ നീണ്ടതിനാലാണ് സായിഗ്രാമം രംഗത്തുവന്നത്.

പുതിയവീടൊരുങ്ങുന്നതുവരെ സതിക്കായി സൗകര്യപ്രദമായ വാടകവീട് സജ്ജമാക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. സത്യസായിഗ്രാമമാണു വാടകവീടും ഒരുക്കുന്നത്. നിലവിലെ വീടിന്റെ വൈദ്യുതിചാർജും ഏറ്റെടുക്കും.