നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനീകരംമദ്യശാലകൾക്ക് പൂട്ടുവീണതോടെ നാടൻവാറ്റുംവിൽപ്പനയും കേസുകളും കൂടുന്നു മദ്യം- മയക്കുമരുന്ന്: രഹസ്യവിവരങ്ങൾ അറിയിക്കാം

ആലപ്പുഴ : അനധികൃത മദ്യം, മയക്കുമരുന്ന് വില്പനയടക്കമുള്ള രഹസ്യവിവരങ്ങൾ ജില്ലാ എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തെ അറിയിക്കാം. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. എക്‌സൈസ് ഇൻസ്‌പെക്ടറുടെയും താലൂക്കുകളുടെ ചുമതലയുള്ള പ്രിവന്റീവ് ഓഫിസർമാരുടെയുടെയും നമ്പരുകൾ ചുവടെ: എക്സൈസ് ഇൻസ്‌പെക്ടർ- 9400069433, ചേർത്തല : 9496499248, അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകൾ: 9496499245, ചെങ്ങന്നൂർ : 9496499244, മാവേലിക്കര: 9496499246, കാർത്തികപ്പള്ളി: 9496499247.ആലപ്പുഴ : ലോക്ഡൗണിൽ മദ്യശാലകൾക്ക് പൂട്ടുവീണെങ്കിലും നാടൻസാധനം നാട്ടിൽ സുലഭം. കുടിയന്മാരെ വാറ്റ്, ‘ഫിറ്റാ’ക്കുമ്പോൾ എക്‌സൈസിനും ബോധം പോകുന്നു. ദിവസവും വ്യാജവാറ്റും വ്യാജമദ്യക്കേസുകളും കൂടുമ്പോൾ പിടികൂടാൻ പരിമിതസൗകര്യം മാത്രമുള്ള എക്‌സൈസ് ഉദ്യോഗസ്ഥരും സമ്മർദത്തിലാവുന്നു. എല്ലാവരും ജാഗ്രതയിലാണെങ്കിലും നാട്ടിൽ മദ്യക്കച്ചവടത്തിനുമാത്രം കുറവില്ലെന്ന് കണക്കുകൾ പറയുന്നു.

കുതിക്കുന്ന കണക്കുകൾ

:ജില്ലയിൽ മേയ് മാസത്തിൽ 155.65 ലിറ്റർ വാറ്റാണ് എക്‌സൈസ് പിടിച്ചത്. ജൂണിൽ ഇതുവരെ 208 ലിറ്റർ വാറ്റ്‌ പിടിച്ചു. മദ്യശാലകൾക്ക് പൂട്ടുവീണ കാലമായപ്പോൾ വാറ്റ്‌ കൂടിയെന്നു പറയാം. തൊട്ടുമുൻപത്തെ മാസമായ ഏപ്രിലിൽ 26 ലിറ്റർ വാറ്റ് മാത്രമേ പിടികൂടിയുള്ളൂ. മാർച്ചിലാകട്ടെ വെറും 19 ലിറ്ററും. മേയ് മാസത്തിൽ 12,436 ലിറ്റർ കോടയും ജൂണിൽ 9,611 ലിറ്റർ കോടയും പിടികൂടി. മുൻമാസങ്ങളായ ഏപ്രിലിൽ 2,052 ലിറ്ററും മാർച്ചിൽ 2,710 ലിറ്ററും മാത്രമാണ് പിടികൂടാനായത്. മേയ് മാസത്തിൽ 39.5 ലിറ്റർ വ്യാജമദ്യവും ജൂണിൽ 4.46 ലിറ്റർ വ്യാജമദ്യവും പിടികൂടിയപ്പോൾ ജനുവരിമുതൽ ഏപ്രിൽവരെ ജില്ലയിൽ വ്യാജമദ്യം പിടികൂടിയിട്ടില്ല. മേയ് മാസത്തിൽ ജില്ലയിൽ 985 പരിശോധനകളും ജൂണിൽ 292 പരിശോധനകളുമാണ്‌ നടന്നത്.

നാടൻസാധനത്തിനു നല്ലവില

: പഴയ വാറ്റുസംഘങ്ങൾ വീണ്ടും സജീവമായിത്തുടങ്ങി. കുടിമുട്ടിയപ്പോൾ വാറ്റുപകരണങ്ങൾ സംഘടിപ്പിച്ച് എങ്ങനെയും അല്പം മദ്യമുണ്ടാക്കാമെന്ന ചിന്തയായി ചിലർക്ക്. ചില യുവാക്കൾ യുട്യൂബിലൂടെ കള്ളവാറ്റ്‌ പഠിച്ച് മദ്യം നിർമിച്ചുതുടങ്ങി. കുറ്റിക്കാടുകളിലും തുരുത്തുകളിലും വനമേഖലകളിലും വാറ്റുസംഘങ്ങൾ തമ്പടിച്ചുതുടങ്ങിയെന്ന് എക്‌സൈസും സമ്മതിക്കുന്നു. ഓരോദിവസവും നിരവധിക്കേസുകളാണ് ജില്ലകളിൽ റിപ്പോർട്ടു ചെയ്യുന്നത്.

ഒരുലിറ്റർ വാറ്റിന് 1,500 മുതൽ 2,000 രൂപവരെയാണ് വില. ഒരുകിലോ ശർക്കരയുണ്ടെങ്കിൽ അരലിറ്റർ വാറ്റ് കിട്ടും. ശർക്കരയ്ക്ക് വെറും എഴുപതുരൂപമാത്രം. അങ്ങനെ വൻലാഭമാണ് നിർമാതക്കൾക്കു ലഭിക്കുക. ഇതുതന്നെയാണ് പലരും വാറ്റിലേക്ക് തിരിയാൻ കാരണം. പഴങ്ങളും ശർക്കരയും പഞ്ചസാരയും മറ്റുമാണ് വാഷ് നിർമിക്കാൻ ഉപയോഗിക്കുന്നതെന്നാണ് എക്‌സൈസ് പറയുന്നത്. പ്രശ്നസാധ്യതയുള്ള വസ്തുക്കളൊന്നും പരിശോധനയിൽ ഇതുവരെ പിടിച്ചിട്ടില്ല. ചാരായംവാറ്റ്‌ കണ്ടെത്താൽ പോലീസിനെയും എക്‌സൈസിനെയും സഹായിക്കാൻ ആദ്യ ലോക്ഡൗണിൽ ഡ്രോൺ ഉണ്ടായിരുന്നെങ്കിലും ഇത്തവണ അതുമില്ല. ഇതും വാറ്റുകാർക്ക് സഹായമായി. എവിടെ ആളുകൂടിയാലും നിയമവിരുദ്ധപ്രവർത്തനം നടത്തിയാലും ഡ്രോൺ കണ്ടെത്തി പോലീസിന് വിവരം കൈമാറിയിരുന്നു.

ഒറിജിനൽ തോൽക്കും

കെട്ടിലും മട്ടിലും സർക്കാർ മദ്യവിൽപ്പനശാലകളിൽ ലഭിക്കുന്ന ഒറിജിനൽ മദ്യത്തെ തോൽപ്പിക്കും ഇപ്പോൾ ഇറങ്ങിയിരിക്കുന്ന ലോക്‌ഡൗൺ സ്പെഷ്യൽ. ലേബലും കുപ്പിയും കണ്ടാൽ ബിവറേജസ് മദ്യമല്ലെന്ന് ആരും പറയില്ല.

കുറച്ചുദിവസങ്ങൾക്കു മുൻപ്‌ ആലപ്പുഴയിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ ഇത്തരത്തിലുള്ള 25 ലിറ്റർ വ്യാജമദ്യമാണ് പിടികൂടിയത്. വൻസംഘങ്ങളാണ് ഇതിനുപിന്നിലെന്ന്‌ എക്‌സൈസ് പറയുന്നു. കോമളപുരത്തുവച്ച് പരിശോധനയ്ക്കിടെയാണ് അൻപതു കുപ്പികളിലായി വ്യാജമദ്യം പിടികൂടിയത്. മദ്യവിൽപ്പനശാലയിൽ അഞ്ഞൂറിൽതാഴെമാത്രം വിലയുള്ള അരലിറ്റർ മദ്യത്തിന് 1,500 രൂപക്കുവരെ വാങ്ങാൻ ആളുണ്ടായിരുന്നു. ഒറിജിനൽ മദ്യമാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണു വിൽപ്പന.

ചേർത്തലയിൽ വീണ്ടും ചാരായവേട്ട

വാറ്റിയിരുന്നയാൾ ഓടിമറഞ്ഞു

ചേർത്തല : ലോക്ഡൗൺ നിയന്ത്രണങ്ങളുടെ മറവിൽ താലൂക്കിൽ വ്യാജമദ്യ നിർമാണം വ്യാപകമാകുന്നു. ഇതിനകം 20-ലധികം കേസുകളെടുത്തു. ബുധനാഴ്ച രണ്ടിടങ്ങളിൽ പരിശോധന നടത്തി 14 ലിറ്റർ വ്യാജച്ചാരായവും 150 ലിറ്ററോളം കോടയും പിടിച്ചെടുത്തു. ആദ്യം കടക്കരപ്പള്ളിയിലും തുടർന്ന് കഞ്ഞിക്കുഴിയിലുമാണ് പരിശോധന നടത്തിയത്. റേഞ്ച് ഇൻസ്പെക്ടർ വി.പി. അനൂപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. രണ്ടു പേർക്കെതിരേ കേസെടുത്തു.

കഞ്ഞിക്കുഴിയിൽ സംഘത്തെക്കണ്ട് ചാരായ നിർമാണം നടത്തിയിരുന്നയാൾ ഓടിമറഞ്ഞതായി എക്‌സൈസ് അധികൃതർ പറഞ്ഞു. ഇവിടെനിന്നു മാത്രം ഏഴുലിറ്റർ ചാരായവും 70 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.