ചെങ്ങന്നൂർ : മുളക്കുഴ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പാതിരാത്രിനടന്ന അടിപിടിയിൽ ചില്ലുവാതിലടക്കം തകർന്ന് അരലക്ഷം രൂപയുടെ നാശനഷ്ടം. സംഭവത്തിൽ ഗ്രാമപ്പഞ്ചായത്തംഗത്തിന്റെയും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെയും പേരിൽ കേസെടുത്തു. കാരയ്ക്കാട് വലക്കടവുംപാട്ട് പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ബുധനാഴ്ച രാത്രിയാണു സംഭവം. മെഡിക്കൽ ഓഫീസറുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും പരാതിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത്, പഞ്ചായത്ത്‌ 15-ാം വാർഡ് സ്വതന്ത്രഅംഗം പി.എം. സനീഷ് എന്നിവരുടെ പേരിലാണ് ചെങ്ങന്നൂർ പോലീസ് കേസെടുത്തത്. ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

രാത്രിയിൽ മറ്റൊരു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെ ഫോണിൽവിളിച്ച് ശ്രീജിത്ത് അസഭ്യം പറഞ്ഞു. സംസാരത്തിനിടെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്തംഗവുമായി സംഘർഷമുണ്ടായെന്നും ചില്ലുവാതിൽ തകർന്നെന്നും പറഞ്ഞു. ഈ ഉദ്യോഗസ്ഥനാണ് സംഭവം മുളക്കുഴയിലെ മെഡിക്കൽ ഓഫീസറെയും അധികൃതരെയും അറിയിച്ചതെന്ന് ഇൻസ്പെക്ടർ ഡി. ബിജുകുമാർ പറഞ്ഞു.

തിരുവനന്തപുരം സ്വദേശിയായ ശ്രീജിത്ത് ചേർത്തലയിലാണ് താമസിച്ചിരുന്നത്. എന്നാൽ, ബുധനാഴ്ചരാത്രി ഇദ്ദേഹം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ തങ്ങുകയായിരുന്നു. പാണ്ടനാട് സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ചിത്രാ സാബു സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി.

ഹെൽത്ത് ഇൻസ്പെക്ടർക്കെതിരേ വകുപ്പുതല അച്ചടക്കനടപടിക്കു ശുപാർശനൽകി.

പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പ്രാഥമികാരോഗ്യ കേന്ദ്രത്തിനുമുന്നിൽ സമരം നടത്തി.

കുറ്റക്കാർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നു ബി.ജെ.പി. പാർലമെന്ററി പാർട്ടി നേതാവ് പ്രമോദ് കാരയ്ക്കാട് ആവശ്യപ്പെട്ടു.പഞ്ചായത്തംഗത്തിന്റെയും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെയും പേരിൽ കേസ്

ചില്ലുവാതിലടക്കം തകർന്നു അരലക്ഷത്തിന്റെ നാശനഷ്ടം