ആലപ്പുഴ : കൊടകര സംഭവത്തിൽ ബി.ജെ.പി. ക്കെതിരേയുള്ള ആരോപണം ഇടത് - വലത് ഗൂഢാലോചനയുടെ ഫലമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കുറ്റപ്പെടുത്തി. പിണറായി സർക്കാരിന്റെ ബി.ജെ.പി. വേട്ടയ്ക്കെതിരേ പാർട്ടി സംസ്ഥാനവ്യാപകമായി നടത്തിയ പ്രതിഷേധ ജ്വാലയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പണം കടത്തിയ കേസിലെ പ്രതികളെല്ലാം സി.പി.എം., സി.പി.ഐ., മുസ്‍ലിംലീഗ് പ്രവർത്തകരായിട്ടും അവർക്കെതിരേ അന്വേഷണം നടത്താതെ ബി.ജെ.പി. നേതാക്കൾക്കെതിരേ തിരിച്ചുവിടാനുള്ള ഗൂഢനീക്കമാണ് നടത്തുന്നത്.

ശരിക്കുള്ള അന്വേഷണം നടന്നാൽ, അതുചിലപ്പോൾ ചെന്നുനിൽക്കുന്നത് സി.പി.എം. സംസ്ഥാന സെക്രട്ടറിയിലായിരിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ അധ്യക്ഷനായി. എൽ.പി. ജയചന്ദ്രൻ, രൺജിത് ശ്രീനിവാസ്, സജു ഇടകല്ലിൽ, ജി. വിനോദ്കുമാർ, കെ. പ്രദീപ്, അനീഷ് തിരുവമ്പാടി, സി. പ്രസാദ്, വാസുദേവക്കുറുപ്പ്, ശശികുമാർ, ജോർജ് എന്നിവർ പങ്കെടുത്തു.