ചെങ്ങന്നൂർ : മൂന്നാഴ്ചയായി പ്രവർത്തിക്കാതിരുന്ന ജില്ലാ ആശുപത്രിയിലെ കാരുണ്യ ഫാർമസി തുറന്നുപ്രവർത്തിക്കാൻ നടപടിയായി. മാതൃഭൂമി നൽകിയ വാർത്തയെയും നഗരസഭാ കൗൺസിലർ കെ. ഷിബുരാജൻ ആരോഗ്യവകുപ്പു മന്ത്രിക്കു നൽകിയ പരാതിയെയും തുടർന്നാണ് നടപടി.

വ്യാഴാഴ്ച രാവിലെ ജില്ലാ ആശുപത്രിയിലെത്തിയ ജില്ലാ ഡ്രഗ് ഇൻസ്പെക്ടർ മഞ്ജു പ്രതാപ് സ്ഥലപരിശോധന നടത്തി. കാലതാമസം വരാതിരിക്കാൻ റിപ്പോർട്ട് ജില്ലാ മരുന്ന്‌ സംഭരണശാലയിലെ വെയർഹൗസ് മാനേജർവഴി എറണാകുളത്തെ അസി. ഡ്രഗ് കൺട്രോളർ ഓഫീസിൽ നേരിട്ടെത്തിച്ച് ലൈസൻസ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു.

ചെങ്ങന്നൂരിലെ കാരുണ്യ ഫാർമസി നിർത്തിയതിനെ തുടർന്ന് താത്കാലികമായി പത്തനംതിട്ടയിലേക്കും മാവേലിക്കരയിലേക്കും മാറ്റിയ രണ്ട്‌ ഫാർമസിസ്റ്റുകളെ തിരികെ ചെങ്ങന്നൂരിൽ നിയമിച്ചു.

ജൂൺ 14 മുതൽ ഫാർമസിയുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള നടപടികളാണ് നടന്നത്. പുറത്തുനിന്നുലഭിക്കുന്ന മരുന്നുകളെക്കാൾ 20 ശതമാനം മുതൽ 90 ശതമാനംവരെ വിലക്കുറവിലാണ് കാരുണ്യ ഫാർമസിയിൽനിന്നു മരുന്നുകൾ ലഭിക്കുന്നത്. കാൻസറടക്കമുള്ള മാരകരോഗങ്ങൾ ബാധിച്ചവരും ഡയാലിസിസ് ചെയ്യുന്ന രോഗികളും വലിയ തുകമുടക്കി ഇപ്പോൾ പുറത്തുനിന്നു മരുന്നുകൾ വാങ്ങേണ്ട ഗതികേടിലായി.

ജില്ലാ ആശുപത്രിയിലെ പഴയകെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയവ നിർമിക്കുന്നതിനെ തുടർന്ന് കഴിഞ്ഞ മേയ് 20 മുതൽ കാരുണ്യ ഫാർമസിയുടെ പ്രവർത്തനം മുടങ്ങിയിരുന്നു. ജില്ലാ ആശുപത്രി കഴിഞ്ഞ മേയ് മൂന്നുമുതൽ ബോയ്സ് ഹൈസ്കൂളിലേക്കു താത്കാലികമായി പ്രവർത്തനം മാറ്റിയിരുന്നു.

ഇവിടെത്തന്നെ കാരുണ്യ ഫാർമസിക്കായി സൗകര്യങ്ങൾ പരിശോധിച്ച് ലൈസൻസ് നൽകാൻ വൈകിയതിനെ തുടർന്നാണ് പ്രവർത്തനം പുനരാരംഭിക്കാതിരുന്നത്. ശരിയായ രേഖകൾ ലഭിക്കാൻ വൈകിയതും ലോക്ഡൗൺ നിയന്ത്രണങ്ങളുമാണ് പരിശോധന വൈകാൻ കാരണമെന്നു പറയുന്നു. മേയ് രണ്ടിനാണ് ലൈസൻസിനുള്ള അപേക്ഷ ജില്ലാ ഡ്രഗ് കൺട്രോളിങ് ഇൻസ്പെക്ടർ ഓഫീസിൽ ലഭിച്ചതെന്ന് ജില്ലാ ഡ്രഗ് ഇൻസ്പെക്ടർ മഞ്ജു പ്രതാപ് പറഞ്ഞു. പരിശോധനയിൽ മരുന്നുകൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളുടെ കുറവും കണ്ടെത്തി.