കണിച്ചുകുളങ്ങര : എസ്.എൻ.ഡി.പി.യോഗത്തിന്റെ കോവിഡ് അതിജീവനപരിപാടിയായ ഗുരുകാരുണ്യം പദ്ധതിപ്രകാരം 15 കോടി രൂപയുടെ സഹായം വിതരണംചെയ്തു കഴിഞ്ഞതായി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കണിച്ചുകുളങ്ങര യൂണിയനിലെ 479-ാം നമ്പർ ശാഖയിലെ കുടുംബയൂണിറ്റുകൾക്കുള്ള സഹായം വിതരണംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ശ്രീനാരായണപ്രസ്ഥാനങ്ങളും ഗുരുകാരുണ്യം പദ്ധതിയിൽ പങ്കാളികളാകും. ഈ പദ്ധതിക്ക് വലിയ പിന്തുണയാണ് അടച്ചുപൂട്ടലിന്റെ പ്രതിസന്ധിയിലും ലഭിക്കുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

ശാഖാ പ്രസിഡന്റ് ടി.എസ്. സജിത്ത് അധ്യക്ഷതവഹിച്ചു. എസ്.എൻ.ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശൻ, ശാഖാ സെക്രട്ടറി വി.കെ. മോഹനദാസ്, വൈസ് പ്രസിഡന്റ് ടി.എം. സുഗതൻ, ശാഖാ കമ്മിറ്റിയംഗങ്ങളായ ആർ. രവീന്ദ്രൻ, കെ.ജി. ഹരിഹരൻ, പി.ഡി. ബിനോയ് എന്നിവർ സംസാരിച്ചു.