ഹരിപ്പാട് : നഗരസഭാപരിധിയിലെ കിളിക്കാക്കുളങ്ങര- വാത്തുകുളങ്ങര റോഡ് പുതുക്കിപ്പണിയാനായി പൊളിച്ചിട്ട് ഏഴുമാസം കഴിഞ്ഞു. വലിയ ബുദ്ധിമുട്ടില്ലാതെ യാത്രചെയ്യാൻ കഴിയുമായിരുന്ന റോഡായിരുന്നു. പൊളിച്ചതിനുശേഷം കാൽനടപോലും പ്രയാസമായി. മഴപെയ്തതോടെ യാത്രാദുരിതം ഇരട്ടിച്ചു. നൂറുകണക്കിന് കുടുംബങ്ങളുടെ യാത്രാമാർഗമാണിത്‌. രണ്ടുമാസത്തിനകം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എം.എൽ.എ. ഫണ്ടിൽനിന്ന്‌ 64 ലക്ഷം രൂപയാണ് കിളിക്കാക്കുളങ്ങര- വാത്തുകുളങ്ങര റോഡ് പുനർനിർമാണത്തിനനുവദിച്ചത്. മാസങ്ങൾക്കുമുൻപ്‌ ഫണ്ടനുവദിച്ചതാണ്. തദേശതിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് പണിതുടങ്ങിയത്. ആദ്യഘട്ടമായി നിലവിലെ റോഡ്പൊളിച്ചു. ഇതിനുശേഷം പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥർ റോഡിന്റെ ഉയരമുൾപ്പെടെയുള്ള കണക്കെടുപ്പു നടത്തേണ്ടതാണ്. എന്നാൽ, ഇതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറാകാത്തതാണ് റോഡുപണി വൈകാൻ ഇടയാക്കുന്നതെന്നു പരാതിയുണ്ട്. ആയാപറമ്പ് -ഹരിപ്പാട് റോഡിലെ കിളിക്കാക്കുളങ്ങര ജങ്ഷനിൽനിന്ന്‌ വാത്തുകുളങ്ങര ക്ഷേത്രംവരെയെത്തുന്ന ഈ റോഡിന് ഒരുകിലോമീറ്ററിലധികം ദൈർഘ്യമുണ്ട്. ഹരിപ്പാട്-വീയപുരം റോഡിലെ വെള്ളാനയിൽ ജങ്ഷനിലെത്തിച്ചേരുന്ന ഇതുവഴി നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്.

വെള്ളാനജങ്ഷൻ മുതൽ റെയിൽവേക്രോസുവരെയുള്ള ഭാഗത്ത് ഓടനിർമിക്കാൻ കണക്കെടുപ്പു നടത്തിയിട്ടുണ്ട്. എന്നാൽ, ഓടനിർമാണത്തിന് സാങ്കേതിക തടസ്സമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. 230 മീറ്റർ നീളത്തിലാണ് ഓടനിർമിക്കേണ്ടത്. വാത്തുകുളങ്ങര റെയിൽവേ ക്രോസിനു കിഴക്കുള്ള തോട്ടിലാണ് ഓടചെന്നെത്തേണ്ടത്. എന്നാൽ, റെയിൽവേ ക്രോസിന്റെ ഭാഗത്തുകൂടി ഓടനിർമിക്കാൻ സാങ്കേതിക തടസ്സമുണ്ട്. പ്രശ്‌നം പരിഹരിക്കാൻ പൊതുമരാമത്തു വകുപ്പിന്റെ എൻജിനിയറിങ് വിഭാഗത്തിന് കഴിഞ്ഞിട്ടില്ല. വെള്ളാന ജങ്ഷൻമുതൽ റെയിൽവേ ക്രോസുവരെയുള്ള ഭാഗത്തെ വെള്ളക്കെട്ട് നാട്ടുകാർക്ക് എന്നും തലവേദനയാണ്. റോഡ്‌ പുനർനിർമിക്കുമ്പോൾ ഇതു പരിഹരിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇപ്പോൾ അതും ഇല്ലാതായി.