കോവിഡ്‌ കാലത്തെ ലോക്ഡൗൺ നിയന്ത്രണങ്ങളും വീട്ടിലടച്ച ജീവിതവും സ്ത്രീകളുടെയും കുട്ടികളുടെയും ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഏറെ ബാധിച്ചിട്ടുണ്ട്. സൗഹൃദങ്ങളും സാമൂഹികജീവിതവും ഇല്ലാതാകുന്നതു വല്ലാത്ത മാനസികപിരിമുറുക്കമാണ് അവർക്കുണ്ടാക്കുന്നത്.

ഉദ്യോഗസ്ഥകൾക്ക് ഔദ്യോഗികചുമതലയ്ക്കൊപ്പം വീട്ടുജോലിയും ചെയ്യേണ്ടിവരുന്നു. വർക്ക് ഫ്രം ഹോം എന്ന പുതിയസാഹചര്യം ഇരട്ടിസമ്മർദമാണുണ്ടാക്കുന്നത്. സ്കൂളിൽപോയി മറ്റുകുട്ടികളോടൊപ്പമുള്ള ഇടപഴകൽ കുട്ടികൾക്കില്ലാതായി. ഏകാന്തത മാനസികപിരിമുറുക്കത്തിനു കാരണമായേക്കാം. ദിനചര്യയിലും ഭക്ഷണക്രമത്തിലും മാറ്റംവരുത്തിയാൽ ശരീരത്തിനും മനസ്സിനും ആരോഗ്യംനൽകുന്ന സന്തോഷകരമായ ജീവിതം ഉറപ്പാക്കാനാകും. അമ്മമാർക്കും കുഞ്ഞുങ്ങൾക്കും എങ്ങനെ ഈ കോവിഡ്‌ കാലത്ത് ഹാപ്പിയാകാം. ആലപ്പുഴ മെഡിക്കൽ കോളേജ് മെഡിസിൻവിഭാഗം മേധാവി ഡോ.ബി. പദ്മകുമാർ സംസാരിക്കുന്നു.

സന്തോഷം തിരിച്ചുപിടിക്കാൻ വ്യായാമം

എന്നും രാവിലെയും വൈകുന്നേരവും നിശ്ചിതസമയം സൂര്യപ്രകാശമേറ്റ് വ്യായാമം ചെയ്യുക.

ഇതുവഴി ശരീരത്തിനാവശ്യമായ വൈറ്റമിൻ- ഡി ലഭിക്കും. തലച്ചോറിന്റെ പ്രവർത്തനത്തിനും അതോടൊപ്പം എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്കും വൈറ്റമിൻ ഡി പ്രധാനമാണ്. എന്നുംരാവിലെ 45 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത് സ്ത്രീകളുടെ ശാരീരികക്ഷമത ഉറപ്പാക്കും. കോവിഡ്‌ കാലത്ത് പുറത്തിറങ്ങാനാകാത്തതിനാൽ വീട്ടുമുറ്റത്തോ മട്ടുപ്പാവിലോ വ്യായാമംചെയ്യാം. എയ്റോബിക് വ്യായാമം, നടക്കൽ, ചെറിയവേഗത്തിൽ ഓട്ടം, പടികൾ കയറിയിറങ്ങുക തുടങ്ങിയവയും നല്ലതാണ്. പ്രമേഹവും രക്താദിസമ്മർദവുമുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരംമാത്രം വ്യായാമം ചെയ്യണം.

കഞ്ഞിവെള്ളവുംമോരുംവെള്ളവും സൂപ്പർ

ഭക്ഷണം ഒരേസമയം സമീകൃതവും പോഷകസമ്പുഷ്ടവുമാകണം. ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതാകണം. പഴവർഗങ്ങൾ, പച്ചക്കറികൾ, പയറുവർഗങ്ങൾ, ഇലക്കറികൾ എന്നിവ ഉൾപ്പെടുത്തണം. ദിവസം എട്ടുപത്തു ഗ്ലാസ് വെള്ളംകുടിക്കണം. ക്ഷീണം തോന്നുന്നതിന്റെ പ്രധാനകാരണം നിർജലീകരണമാണ്. മോരുംവെള്ളം, കഞ്ഞിവെള്ളം എന്നിവ നല്ലതാണ്.

രണ്ടു-മൂന്ന് വയസ്സുള്ള കുട്ടിക്ക് ഒരുകപ്പും നാലു- 12വരെ ഒന്നരക്കപ്പും 12 വയസ്സിനുമുകളിൽ രണ്ടുകപ്പ് പഴവർഗങ്ങളും അത്രയുംതന്നെ പച്ചക്കറികളും നൽകണമെന്ന് ലോകാരോഗ്യസംഘടന പറയുന്നു. പാൽ, മുട്ട, മീൻ, കശുവണ്ടി, നിലക്കടല എന്നിവയും കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഒരുഗ്ലാസ് പാലെങ്കിലും ദിവസവും കുടിക്കണം. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ കുട്ടികൾ ഒഴിവാക്കണം. ഇപ്പോൾ ഓൺലൈൻ പഠനമായതിനാൽ കുട്ടികൾക്ക് വ്യായാമമില്ലാത്ത സമയമാണ്. അതിനാൽ കൊഴുപ്പുകൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കണം. നാരടങ്ങിയ ഭക്ഷണം ദഹനത്തിനു നല്ലതാണ്.

പാചകവും കൃഷിയും കുട്ടികളും ചെയ്യട്ടെ

മാനസികാരോഗ്യം ഉറപ്പിക്കാൻ യോഗ, ധ്യാനം, പ്രാർഥന എന്നിവ നല്ലതാണ്. കൃഷിയിലും പാചകത്തിലും കുട്ടികളെയും പങ്കെടുപ്പിക്കുക. ദിവസവും ഒരുമണിക്കൂർ കുട്ടികളെ കളിക്കാൻ അനുവദിക്കണം.ഓൺലൈനായി പഠിക്കുമ്പോൾ കണ്ണിന്റെ ആരോഗ്യത്തിൽ ശ്രദ്ധവേണം. 20-20-20 നിയമം ബാധകമാക്കണം. 20 മിനിറ്റ് സ്ക്രീനിൽ നോക്കിയിരുന്നാൽ 20സെക്കൻഡ്‌ 20അടി അകലെയുള്ള വസ്തുവിനെ നോക്കിയിരിക്കുന്നത് കണ്ണിന്റെ ആയാസം കുറയ്ക്കും.

മൊബൈൽ ഫോണിന്റെയും ലാപ്ടോപ്പിന്റെയും പ്രകാശം അമിതമാകാതെ ക്രമീകരിക്കണം. മറ്റുലൈറ്റുകൾ ഓഫാക്കി മൊബൈൽ ഫോൺ നോക്കുന്നത് ഒഴിവാക്കണം. ഇയർഫോൺ ഒരുമിച്ച് രണ്ടുചെവിയിലും വെക്കാതെ ഓരോ ചെവിയിലും മാറിമാറി വെക്കുന്നതാകും നല്ലത്.

ഓൺലൈൻ പഠനംകഴിഞ്ഞ് കുട്ടികൾ ഒരുമണിക്കൂർ ശരീരം അനങ്ങിയുള്ള കളികളിൽ ഏർപ്പെടണം.

അവരിൽ വായന പ്രോത്സാഹിപ്പിക്കുക. അതിനു നല്ലപുസ്തകങ്ങൾ തിരഞ്ഞെടുത്തു നൽകുക.

പാട്ടുപാടാം... നൃത്തംചെയ്യാം...

രോഗങ്ങളെ തടയാൻ ശരീരത്തിന് പ്രതിരോധശേഷി വേണം. അതിനു വൈറ്റമിൻ ഡി, സി, സിങ്ക്, സെലിനീയം എന്നിവവേണം. മുന്തിരി, നാരങ്ങ, ആപ്പിൾ എന്നിവയിൽ ധാരാളം വൈറ്റമിൻ- സിയുണ്ട്. ദിവസവും ഒരുനെല്ലിക്ക കഴിക്കണം.

ദീർഘനേരം ഒറ്റയ്ക്കിരിക്കുന്നത് മാനസികാരോഗ്യം വഷളാക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അധികനേരം വെറുതെയിരിക്കാതെ എന്തെങ്കിലും ജോലിയിൽ വ്യാപൃതരാകുകയാണ് സ്ത്രീകളെ സംബന്ധിച്ചു നല്ലത്. വീട്ടുജോലികൾ കൂടാതെ, കൃഷി, കുടുംബാംഗങ്ങളൊന്നിച്ചുള്ള പാചകം, വീടുവൃത്തിയാക്കൽ എന്നിവയൊക്കെ ആഹ്ലാദം നൽകും. മാനസികാടുപ്പം വർധിക്കാനും സഹായിക്കും. കലാപരമായി കഴിവുള്ളവർക്ക് ഈയവസരം ഉപയോഗപ്പെടുത്താം. വായന, സംഗീതം തുടങ്ങിയ ഹോബികൾ വളർത്തിയെടുക്കാം.

ദിനചര്യകൾ ക്രമപ്പെടുത്താം

പ്രമേഹം, ഹൃദ്രോഗം, തൈറോയ്ഡ് തുടങ്ങി നേരത്തെയുള്ള രോഗങ്ങൾ നിയന്ത്രിച്ചുനിർത്തണം. പലപ്പോഴും കോവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾ പെട്ടെന്നു പിടികൂടുന്നത് മറ്റ് ആരോഗ്യപ്രശ്നങ്ങൾ നിയന്ത്രിക്കപ്പെടാതെ വരുമ്പോഴാണ്. ഡോക്ടർമാരെ നേരിൽ കാണാനുള്ള സാഹചര്യമില്ലെങ്കിൽ ടെലിമെഡിസിൻ ഉപയോഗപ്പെടുത്തണം. താളംതെറ്റിപ്പോയ ദിനചര്യകൾ ക്രമപ്പെടുത്തണം. കൃത്യസമയത്ത് എഴുന്നേൽക്കുകയും കിടക്കുകയും ചെയ്യണം. കഴിവതും രാത്രി 11-ന്‌ മുൻപ് ഉറങ്ങണം. ചുരുങ്ങിയത് ആറുമുതൽ എട്ടുവരെ മണിക്കൂർ ഉറങ്ങണം. ഉറങ്ങാൻ കിടക്കുന്നതിന് രണ്ടുമണിക്കൂർ മുൻപ്‌ ദൃശ്യമാധ്യമങ്ങളുടെ ഉപയോഗം ഒഴിവാക്കണം.