മാന്നാർ : തെങ്കാശിയിൽനിന്നു പച്ചക്കറിയുമായി വന്ന ലോറി ജീവനക്കാർ ഭക്ഷണംകിട്ടാതെ വലഞ്ഞപ്പോൾ ആഹാരം നൽകി പോലീസ്. ആലപ്പുഴ പത്തനംതിട്ട ജില്ലകളുടെ അതിർത്തിയായ മാന്നാർ പന്നായിക്കടവിൽ പരിശോധനയ്ക്കിടെയാണ് ഭക്ഷണം കിട്ടാതെയാണ് ഇവിടെവരെ വാഹനവുമായി വന്നതെന്നു ലോറിഡ്രൈവർ മാരിമുത്തും ക്ലീനറും പോലീസിനോടു പറയുന്നത്.

ഉടൻ ചെക്കിങ് പോയിന്റിലെ പോലീസും സഹായികളായ സിവിൽ ഡിഫൻസ് സേനാംഗങ്ങളും ചേർന്ന് ഇവർക്കു ഭക്ഷണം നൽകി.

മാന്നാർ പോലീസ്‌സ്റ്റേഷനിലെ സി.പി.ഒ. രാജീവ്കുമാർ, ഹോം ഗാർഡ് ടി.ആർ. സുരേന്ദ്രൻ, ട്രെയിനി എസ്.ഐ. സിബി ടി. ദാസ്, കേരള സിവിൽ ഡിഫൻസ് സേനാംഗങ്ങളായ അൻഷാദ് പി.ജെ., രാജീവ് പരമേശ്വരൻ, അൻസാർ, ഫിറോസ്, ഫൈസൽ എന്നിവരാണ് പന്നയിക്കടവ് ചെക്കിങ് പോയിന്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്.