ലോക്ഡൗണിൽ തിരക്കൊഴിഞ്ഞ ആലപ്പുഴ കോടതിപ്പാലം ജങ്ഷൻ |ഫോട്ടോ: വി.പി.ഉല്ലാസ്ആലപ്പുഴ : കോവിഡ് രൂക്ഷമായതിനെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗണിന്റെ ആദ്യദിനത്തിൽ സ്വയം നിയന്ത്രിച്ചു ജനം. അവശ്യസേവനവുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നവരും സന്നദ്ധപ്രവർത്തകരുമൊഴികെയുള്ള ഭൂരിഭാഗം പേരും വീടുകളിൽ തന്നെയിരുന്നു. മരണാനന്തരച്ചടങ്ങുകൾ ഉൾപ്പെടെ ഒഴിച്ചുകൂടാനാവാത്ത ആവശ്യത്തിനു പോകേണ്ടവർ മാത്രമാണ് നിരത്തിലിറങ്ങിയത്.

പാസില്ലാതെ എത്തിയ ഏതാനുംപേരെ പോലീസ് താക്കീതുചെയ്തു വിട്ടു. കോവിഡ് ഭീതിയും ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചാലുള്ള പിഴയും മൂലം പലരും സ്വയം നിന്ത്രിച്ചു. ഒപ്പം പോലീസിന്റെ ശക്തമായ പരിശോധനയും വീട്ടിലിരിക്കാൻ ആളുകളെ പ്രേരിപ്പിച്ചു.

ജില്ലാ അതിർത്തികളിൽ പരിശോധിച്ചശേഷമാണ് വാഹനയാത്രക്കാരെ കടത്തിവിട്ടത്. തണ്ണീർമുക്കം, അരൂർ, ചാപ്പക്കടവ്, കിടങ്ങറ, നീരേറ്റുപുറം, കൃഷ്ണപുരം, കെ.പി. റോഡിൽ നൂറനാടിനു സമീപം, ചെങ്ങന്നൂർ കാരയ്ക്കാട് എന്നിവിടങ്ങളിൽ വാഹനപരിശോധനയുണ്ടായിരുന്നു.

ആലപ്പുഴ നഗരത്തിൽ ബൈപ്പാസിലൂടെയാണ് കൂടുതൽ വാഹനങ്ങൾ പോയത്. മിക്കതും ചരക്കുവാഹനങ്ങളായിരുന്നു. കളക്ടറും എസ്.പി.യും പരിശോധനയ്ക്കു നേരിട്ടിറങ്ങി. കൊമ്മാടി ഭാഗത്തായിരുന്നു പരിശോധന നടത്തിയത്.

2,433 പേർക്ക് കോവിഡ്

ആലപ്പുഴ : ജില്ലയിൽ ശനിയാഴ്ച 2,433 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 25.3 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നാലുപേർ മറ്റു സംസ്ഥാനത്തുനിന്ന്‌ എത്തിയതാണ്. 2,423 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 772 പേർ രോഗമുക്തരായി. ആകെ 1,00,559 പേരാണ് രോഗമുക്തരായത്. 25,909 പേർ ചികിത്സയിലുണ്ട്.