ആലപ്പുഴ : സമ്പർക്കത്തിലൂടെ രോഗബാധയിൽ കുറവില്ലാതെ ജില്ല. വെള്ളിയാഴ്ച ജില്ലയിൽ 60 പേർക്ക് കോവിഡ് പോസിറ്റീവായി. ഒരു മരണവും റിപ്പോർട്ട് ചെയ്തു. ചേർത്തല പൂച്ചാക്കൽ സ്വദേശി അകത്തൂട്ട് വീട്ടിൽ സുധീറാ(63 )ണ് കോവിഡിനെ തുടർന്ന് മരണമടഞ്ഞത്. 46 പേർ സമ്പർക്കത്തിലൂടെ രോഗബാധിതരായി. ആറുപേർ വിദേശത്തുനിന്നും എട്ടുപേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. ജില്ലയിലാകെ 951 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. വെള്ളിയാഴ്ച 30 പേർ രോഗമുക്തിനേടി. രോഗവിമുക്തരായവരിൽ 21 പേർ സമ്പർക്കംവഴി രോഗബാധിതരായവരാണ്.
മൂന്നുപേർ വിദേശത്തുനിന്നും അഞ്ചുപേർ മറ്റുസംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. ഒരാൾ ഐ.ടി.ബി.പി. ഉദ്യോഗസ്ഥനാണ്.
ഇതുവരെ ജില്ലയിൽ 2,318 പേർക്ക് രോഗംബാധിച്ചു. 1117 പേർ സമ്പർക്കബാധിതരായി.
1,362 പേർ രോഗമുക്തിനേടി. ജില്ലയിലാകെ 6,949 പേരാണ് ക്വാറന്റീനിലുള്ളത്. വെള്ളിയാഴ്ച 465 പേരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. 440 പേരെ ഒഴിവാക്കി. ആശുപത്രി നിരീക്ഷണത്തിൽ 970 പേരാണുള്ളത്. ജില്ലയിലാകെ 16,266 സാംപിളുകൾ പരിശോധിച്ചു.കോവിഡ് ബാധിതരായവർവിദേശത്തു നിന്ന്എത്തിയവർ:
മാവേലിക്കര-2, പാണ്ടനാട്-1, തെക്കേക്കര-1, നെടുമുടി-1, വെട്ടിയാർ-1
മറ്റ് സംസ്ഥാനം:
പെരിങ്ങാല-1, കുത്തിയതോട്-1, പത്തിയൂർ-1, ചെറിയനാട് -1, പുലിയൂർ-4
സമ്പർക്കബാധിതർ:
എഴുപുന്ന-1, ചെട്ടിക്കാട്-22, പട്ടണക്കാട്-7, താമരക്കുളം-1, വയലാർ-4, പള്ളിപ്പുറം-1, അർത്തുങ്കൽ-2, ചെന്നിത്തല-1, കുത്തിയതോട്-1, തൈക്കാട്ടുശ്ശേരി-1, വണ്ടാനം-1, എരുവ-1, തൃക്കുന്നപ്പുഴ-1, പെരുമ്പളം-1, മുളക്കുഴ-1
സംയുക്ത വാഹനപരിശോധനയ്ക്ക് തുടക്കമായി
ആലപ്പുഴ : ജില്ലയിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി മോട്ടോർവാഹന വകുപ്പ് സേഫ് കേരള സ്ക്വാഡിന്റെ നേതൃത്വത്തിൽ സംയുക്ത വാഹനപരിശോധനയ്ക്ക് തുടക്കമായി.
കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി പാസഞ്ചർ ഓട്ടോറിക്ഷകളിലും ടാക്സികളിലും പോളിത്തീൻ ഷീറ്റ് ഉപയോഗിച്ച് ഡ്രൈവർ ക്യാബിൻ വേർതിരിക്കണമെന്ന ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവ് പ്രകാരമാണ് ജില്ലയിലെ എല്ലാ സ്റ്റാൻഡുകളിലും സംയുക്ത സ്ക്വാഡ് പരിശോധന ആരംഭിച്ചത്.
വാഹനഡ്രൈവർമാരുടെ സമ്പർക്കംമൂലം രോഗവ്യാപനതോത് ഉയരുന്ന സാഹചര്യത്തിൽ ബോധവത്കരണവും നടത്തും. നിലവിൽ ജില്ലയിൽ മൂന്ന് സ്ക്വാഡുകളാണ് ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുക. ജില്ലയിലെ 90 ശതമാനത്തോളം യാത്രാവാഹനത്തിലും ക്യാബിൻ തിരിച്ചിട്ടുണ്ട്.
എല്ലാ യാത്രാവാഹനങ്ങളിലും യാത്രക്കാരുടെ വിവരങ്ങൾ ഡയറിയിൽ എഴുതിസൂക്ഷിക്കണം.
ഡ്രൈവർ ഫെയ്‌സ് മാസ്ക് ധരിക്കണം, സ്റ്റാൻഡിൽ സാമൂഹിക അകലം പാലിക്കണം. അടുത്ത ദിവസങ്ങളിൽ ജില്ലയിലുടനീളം എല്ലാ സ്റ്റാൻഡുകളിലും നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് സംയുക്ത സ്ക്വാഡ് പരിശോധിച്ച് ഉറപ്പാക്കും.