മാവേലിക്കര : ജില്ലാ ആശുപത്രിയിലെ നഴ്‌സിനും കെ.എസ്.ആർ.ടി.സി. റീജണൽ വർക്‌ഷോപ്പിലെ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ജില്ലാ ആശുപത്രിയിലെ പത്തും റീജണൽ വർക്‌ഷോപ്പിലെ ആറും ജീവനക്കാർ ക്വാറന്റീനിൽ പോയി. കഴിഞ്ഞദിവസമാണ് മാവേലിക്കര റെയിൽവേ സ്റ്റേഷന് സമീപത്തുള്ള റീജണൽ വർക്‌ഷോപ്പിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് വെള്ളിയാഴ്ച വർക്‌ഷോപ്പ്, ഓഫീസ് പരിസരങ്ങളിൽ അണുനശീകരണം നടത്തി. കോവിഡ് ബാധിതനുമായി പ്രാഥമികസമ്പർക്കം പുലർത്തിയതെന്നു കരുതുന്ന ആറുപേരോട് ക്വാറന്റീനിൽ പോകാൻ അധികൃതർ നിർദേശിക്കുകയായിരുന്നു.
മാവേലിക്കര ജില്ലാ ആശുപത്രിയിലെ നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 10 പേരാണ് ക്വാറന്റീനിൽ ഉള്ളത്. നഴ്‌സിനു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച മാത്രം 20 പേരുടെ സ്രവം ശേഖരിച്ചു.