യുവമോർച്ച മണ്ഡലം സെക്രട്ടറിക്ക്‌ പരിക്ക്

രണ്ടു സി.പി.എം.പ്രവർത്തകർ പിടിയിൽ

തുറവൂർ : തിരഞ്ഞെടുപ്പുദിവസം യുവമോർച്ച-സി.പി.എം. പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ രണ്ട് സി.പി.എം.പ്രവർത്തകർ പോലീസ് പിടിയിൽ. യുവമോർച്ച അരൂർ മണ്ഡലം സെക്രട്ടറി വളമംഗലം കാരാത്തുരുത്തിൽ ജിഷ്റ്റോ (27) പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

എട്ടു സി.പി.എം.പ്രവർത്തകർക്കെതിരേ കേസെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പുദിവസം ചൂർണിമംഗലം സ്കൂൾ ബൂത്തിനു സമീപമായിരുന്നു സംഘർഷത്തിനു കാരണമായ സംഭവം. വോട്ടുചെയ്യാൻ ആളുമായി ഓട്ടോറിക്ഷയിലെത്തിയ രൂപേഷ് എന്ന സി.പി.എം.പ്രവർത്തകനും ജിഷ്റ്റോയും തമ്മിൽ തർക്കമുണ്ടായി. അവിടെയുണ്ടായിരുന്ന ഇരുവിഭാഗക്കാരുടെയും ആളുകൾ ചേർന്ന് പ്രശ്നം പറഞ്ഞുതീർത്തു. എന്നാൽ, വൈകീട്ട് പുരന്ദരേശ്വരം ക്ഷേത്രത്തിനു സമീപം വീണ്ടും രണ്ടുപേരും തമ്മിൽ തർക്കമുണ്ടാകുകയും അടിപിടിയാവുകയും ചെയ്തു.

ഈ സമയം കൂടുതൽ പ്രവർത്തകർ സംഭവസ്ഥലത്തെത്തിയത് സംഘർഷാവസ്ഥയ്ക്കു കാരണമായി. വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും പ്രവർത്തകർ പിരിഞ്ഞുപോയി. സി.പി.എം.പ്രവർത്തകർ സംഘംചേർന്ന് ആക്രമിച്ചതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ പ്രകടനം നടത്തി.

തർക്കം പറഞ്ഞുതീർത്തതാണെന്നും ജിഷ്റ്റോയും കൂട്ടാളികളും കരുതിക്കൂട്ടി ആക്രമണം നടത്തുകയായിരുന്നെന്നും ലോക്കൽ സെക്രട്ടറി കെ.എസ്. സുരേഷ്‌കുമാർ പറഞ്ഞു. സംഘർഷാവസ്ഥ കണക്കിലെടുപ്പ് പ്രദേശത്ത് പോലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.