കലവൂർ : ശക്തമായ കാറ്റിലും മഴയിലും കലവൂരിലും മണ്ണഞ്ചേരിയിലും വൻനാശം. ചൊവ്വാഴ്ച വൈകീട്ട് 6.30 -ഓടെയായിരുന്നു കനത്ത കാറ്റും മഴയും. കാറും ലോറിയും ഇരുചക്രവാഹനങ്ങളും മരംവീണു തകർന്നു. ദേശീയപാതയിൽ കലവൂരിൽ മരംവീണ്‌ മൂന്നുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. നിരവധി വൈദ്യുതിത്തൂണുകൾ ഒടിഞ്ഞുവീണു.

റോഡരികിൽനിന്ന തണൽമരങ്ങളാണ് എല്ലായിടത്തും നാശംവിതച്ചത്. കലവൂർ മാർക്കറ്റിന് പടിഞ്ഞാറുവശംനിന്ന മരം വീഴുന്നതുകണ്ട് ആളുകൾ ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇവിടെ നിറുത്തിയിട്ടിരുന്ന അഞ്ച് ബൈക്കുകളുടെയും സൈക്കിളുകളുടെയും ലോറിയുടെയും മുകളിലേക്കാണ് മരം വീണത്. ലോറിയുടെ മുൻവശം പൂർണമായും തകർന്നു.

കലവൂർ കയർബോർഡിന് വടക്കുവശം റോഡിന് കുറുകെ മരംവീണ്‌ സമീപത്തുണ്ടായിരുന്ന കാർ പൂർണമായും തകർന്നു. ആലപ്പുഴയിൽനിന്നും ചേർത്തലയിൽനിന്നും അഗ്നിരക്ഷാസേനയെത്തിയാണ് മരം മുറിച്ചുനീക്കിയത്.

മണ്ണഞ്ചേരി സ്കൂളിന്റെ മുൻവശം, മണ്ണഞ്ചേരി ജങ്‌ഷൻ, ആപ്പൂര്, തലവടി, നേതാജി, ചെറിയ കലവൂർ, എന്നിവിടങ്ങളിലാണ് കൂടുതൽ നാശമുണ്ടായത്. രാത്രി വൈകിയും അഗ്നിരക്ഷാസേന മറിഞ്ഞുവീണ മരങ്ങൾ വെട്ടിമാറ്റിക്കൊണ്ടിരിക്കുകയാണ്.

കലവൂർ വൈദ്യുതി സെക്‌ഷൻ പരിധിയിൽ ഭൂരിഭാഗം പ്രദേശങ്ങളും ഇരുട്ടിലായി. 20-ന്‌ മുകളിൽ വൈദ്യുതിത്തൂണുകളാണ് പ്രദേശത്ത് ഒടിഞ്ഞുവീണത്. രാത്രി വൈകിയും വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുൂകയാണ്.