ചെങ്ങന്നൂരിൽ എൽ.ഡി.എഫ്. ചരിത്ര വിജയം ആവർത്തിക്കുമെന്നാണ് എൽ.ഡി.എഫ്. കണക്കുകൂട്ടുന്നതെന്ന് മുന്നണിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. വിശ്വംഭരപ്പണിക്കർ പറഞ്ഞു. 20,000-നുേമൽ ഭൂരിപക്ഷം സജി ചെറിയാന് ലഭിക്കും. മുളക്കുഴ, ചെറിയനാട്, ബുധനൂർ, മാന്നാർ, വെണ്മണി എന്നീ പഞ്ചായത്തുകളിലും ചെങ്ങന്നൂർ നഗരസഭയിലും കൂറ്റൻ ലീഡാണ് പ്രതീക്ഷിക്കുന്നത്. മറ്റ് പഞ്ചായത്തുകളിലും നഗരസഭയിലും ലീഡ് ചെയ്യുമെന്നാണ് സജി ചെറിയാൻ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ തവണ എൽ.ഡി.എഫ്. പിടിച്ചെടുത്ത മണ്ഡലം കൈപ്പിടിയിലാക്കുമെന്ന് കെ.പി.സി.സി. സെക്രട്ടറി എബി കുര്യാക്കോസ് പറഞ്ഞു. മുൻ തിരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി യു.ഡി.എഫ്. സംവിധാനം കൂടുതൽ കെട്ടുറപ്പോടെ പ്രവർത്തിച്ച തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ചെങ്ങന്നൂർ നഗരസഭ, ചെന്നിത്തല, മാന്നാർ, തിരുവൻവണ്ടൂർ, പാണ്ടനാട് എന്നിവിടങ്ങളിൽ വ്യക്തമായ മേൽക്കൈ ലീഡ് നിലയിൽ മുന്നണിക്ക് നേടാൻ സാധിക്കും. എൽ.ഡി.എഫ്. ശക്തികേന്ദ്രങ്ങളിൽ മികച്ച മുന്നേറ്റം കാഴ്ചവെക്കാനും സാധിക്കും- എബി പറഞ്ഞു.

കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഇരുപതിനായിരത്തിനുമേൽ ഭൂരിപക്ഷം സമ്മാനിച്ച ചില ഘടകങ്ങൾ ഇത്തവണ യു.ഡി.എഫിന് അനുകൂലമായിരുന്നെന്ന് സ്ഥാനാർഥി എം. മുരളി പറഞ്ഞു.

ഇടത് വലത് മുന്നണികളെ ഞെട്ടിച്ച് എൻ.ഡി.എ. അട്ടിമറി വിജയം നേടുമെന്ന് ബി.ജെ.പി. ജില്ലാ സെക്രട്ടറിയും തിരഞ്ഞെടുപ്പ് ഇൻചാർജുമായ സജു ഇടക്കല്ലിൽ പറഞ്ഞു. തിരുവൻവണ്ടൂർ, പാണ്ടനാട്, പുലിയൂർ, ആലാ, ചെന്നിത്തല പഞ്ചായത്തുകളിൽ ഒന്നാം സ്ഥാനത്ത് എത്താൻ സാധിക്കും. എൽ.ഡി.എഫിനെ രണ്ടാം സ്ഥാനത്തേക്കും യു.ഡി.എഫിനെ മൂന്നാം സ്ഥാനത്തേക്കും തള്ളി എൻ.ഡി.എ. ഒന്നാമതെത്തും. വിജയം ഉറപ്പാണെന്നും ഒരു അവകാശ വാദങ്ങൾക്കുമില്ലെന്നാണ് സ്ഥാനാർഥി എം.വി. ഗോപകുമാർ പറയുന്നത്.