ആലപ്പുഴ : തിരഞ്ഞെുപ്പ് പൂർത്തിയായെങ്കിലും അരൂർ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എ.യുമായ ഷാനിമോൾ ഉസ്മാന് വിശ്രമമില്ല. തിരഞ്ഞെടുപ്പ് ദിവസവും രാത്രി വൈകിയാണ് വീട്ടിലെത്തിയത്. എന്നാൽ, അടുത്തദിവസം രാവിലെ തന്നെ പ്രദേശത്തെ മരണവീടുകളിലേക്ക്. പൊതുജനത്തിനൊപ്പം നിന്ന്, അവരിലേക്കിറങ്ങിച്ചെല്ലുന്ന ജനപ്രതിനിധിയായി മാറണമെന്ന നിർബന്ധം തിരഞ്ഞെടുപ്പിനുശേഷവുമുണ്ട് ഷാനിമോൾക്ക്. അവിടുന്നുപോയത് വിവിധ നേതാക്കളുമായുള്ള ചർച്ചകൾക്കായിരുന്നു.

എൽ.ഡി.എഫ്. സ്ഥാനാർഥി ദലീമയും തിരക്കിലായിരുന്നു. വോട്ടെടുപ്പ് പൂർത്തിയായി വീട്ടിലെത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. ബുധനാഴ്ച അതിരാവിലെ തന്നെ വിവിധ മരണവീടുകളിൽ സന്ദർശനം നടത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ശ്രദ്ധ തിരിച്ചിരുന്നതിനാൽ ജില്ലാ പഞ്ചായത്തിലെ ജോലികൾ അവശേഷിക്കുന്നുണ്ട്. മരണവീടുകളിൽനിന്നുനേരെ ഓഫീസിലേക്കായിരുന്നു യാത്ര. ‘തിരഞ്ഞെടുപ്പായതോടെ പല വർക്കുകളും നിർത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. അവയെല്ലാം പരിശോധിച്ച് തുടർപ്രവർത്തനം ആരംഭിക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്യണം. ഫലപ്രഖ്യാപനദിവസം വരെ പഴയപോലെ ജില്ലാ പഞ്ചായത്തിലുണ്ടാകും...’ - ദലീമയുടെ വാക്കുകൾ.

‘ഒരു മാസക്കാലമായി മക്കളോടുപോലും കാര്യമായി സംസാരിക്കാൻ സമയംകിട്ടിയിരുന്നില്ല. പൊതുജീവിതത്തിന്റെ ഭാഗമാണിതെല്ലാമെങ്കിലും ഇന്നലെ വൈകീട്ട് ആ സന്തോഷം മക്കളുടെ മുഖത്തു കണ്ടു’- അരൂർ മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥി ടി. അനിയപ്പന്റെ വാക്കുകൾ. രാവിലെ ഏറെ നേരം വീട്ടിലുണ്ടായിരന്നു. ‘അച്ഛനെ തിരിച്ചുകിട്ടിയല്ലോ...?’ എന്നായിരുന്നു രാവിലെ മകളുടെ കമന്റ്. ഒൻപതുമണിയോടെ മരണവീടുകളിൽ സന്ദർശനം നടത്തി. ഉച്ചയ്ത്ത് വീണ്ടും വീട്ടിലേക്ക്. ശേഷം സുഹൃത്തുക്കളെയെല്ലാം കണ്ടുമായിരുന്നു വോട്ടെടുപ്പിനുശേഷമുള്ള ദിനം.