തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയവർ ആർ.ടി.പി.സി.ആർ. ടെസ്റ്റ്‌ നടത്തണം

ആലപ്പുഴ : ജില്ലയിൽ 10 ദിവസത്തിനിടെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സാഹചര്യത്തിൽ ആർ.ടി.പി.സി.ആർ. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കും.

തിരഞ്ഞെടുപ്പുപ്രചാരണ പ്രവർത്തനങ്ങളിൽ കൂടുതൽ പങ്കെടുത്ത രാഷ്ട്രീയ പാർട്ടി പ്രവർത്തകർ അടിയന്തരമായി തൊട്ടടുത്തുള്ള പി.എച്ച്.സി.യിലോ ആരോഗ്യപ്രവർത്തകരുമായോ ബന്ധപ്പെട്ട് കോവിഡ് ടെസ്റ്റിന് വിധേയമാകണം.

കൂടാതെ പോളിങ് ബൂത്തുകളിൽ ബൂത്ത് ഏജൻറുമാരായി പ്രവർത്തിച്ചവർ അടിയന്തരമായി ടെസ്റ്റിന് വിധേയരാകണം.

ടെസ്റ്റ് ഫലം വരുന്നതുവരെ മറ്റുള്ളവരുമായി അധികം ഇടപഴകാതിരിക്കണം. കോവിഡ് പെരുമാറ്റച്ചട്ടം ജനങ്ങൾ നിർബന്ധമായും പാലിക്കണം.

സാമൂഹികാകലം പാലിക്കണം. പോലീസ് ഇതുസംബന്ധിച്ച പരിശോധന ശക്തമാക്കും. കടകമ്പോളങ്ങളിലും കോവിഡ് നിയന്ത്രണങ്ങൾ അനുസരിച്ചുള്ള നിർദേശങ്ങൾ പാലിക്കണം. രണ്ടു ഡോസ് വാക്സിൻ എടുക്കാതെ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട എല്ലാ ജീവനക്കാരും നിർബന്ധമായും രണ്ടാംഡോസ് വാക്സിൻ സ്വീകരിക്കണം.

ടെസ്റ്റ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും

:തിരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട വൊളന്റിയർമാർക്കായി വരുന്ന തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആർ.ടി.പി.സി.ആർ. ടെസ്റ്റ് ചെയ്യും. ജില്ലയിൽ ഏഴു മൊബൈൽ ടെസ്റ്റ് യൂണിറ്റുകൾ ഇപ്പോൾ പ്രവർത്തിച്ചുവരുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന് കളക്ടർ എ. അലക്സാണ്ടറുടെ അധ്യക്ഷതയിൽക്കൂടിയ യോഗത്തിലാണ് തീരുമാനം. ജില്ലാ മെഡിക്കൽ ഓഫീസർ എൽ. അനിതകുമാരിയും യോഗത്തിൽ പങ്കെടുത്തു.

ജില്ലയിൽ 157 പേർക്ക് കോവിഡ്

ആലപ്പുഴ: ജില്ലയിൽ ബുധനാഴ്ച 157 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 148 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഒരാൾ വിദേശത്തുനിന്നും എട്ടുപേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. 139 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ജില്ലയിലാകെ 81,258 പേർ രോഗമുക്തരായി. നിലവിൽ 1,527 പേർ ചികിത്സയിലുണ്ട്.