അമ്പലപ്പുഴ : ഒപ്പം ചേർന്നു പ്രവർത്തിച്ചവർക്കും ചേർത്തുനിർത്തിയവർക്കും നന്ദി അറിയിച്ച് എച്ച്. സലാം. സാമൂഹികമാധ്യമങ്ങൾ വഴിയാണ് സലാം നന്ദി അറിയിച്ചത്. ബുധനാഴ്ച പുറക്കാട് പഞ്ചായത്തിലെ മരണവീടുകൾ സന്ദർശിച്ചശേഷം രാവിലെ 10-ന് സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസിൽ നടന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പങ്കെടുത്തു. തുടർന്ന് വണ്ടാനം സ്വദേശി ഐക്കറിന്റെ മരണവിവരമറിഞ്ഞ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു മടങ്ങി.

യു.ഡി.എഫ്. സ്ഥാനാർഥി എം. ലിജു രാവിലെ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് വോട്ടിങ്‌ യന്ത്രം സൂക്ഷിച്ചിട്ടുള്ള ആലപ്പുഴ സെയ്ൻറ്് ജോസഫ്സ് സ്കൂളിൽ എത്തി. സ്ട്രോങ് റൂമിനു സുരക്ഷ ഇല്ലാത്തതിനെതിരേ കുത്തിയിരിപ്പുസമരം നടത്തി. സ്‌ട്രോങ് റൂം സീൽ ചെയ്തു സുരക്ഷ ഉറപ്പാക്കിയശേഷമാണ് സമരം അവസാനിപ്പിച്ചത്. വൈകുന്നേരം പ്രവർത്തകരുമായി അവലോകനം നടത്തി

എൻ.ഡി.എ. സ്ഥാനാർഥി അനൂപ് ആന്റണി രാവിലെ പ്രവർത്തകരുമായി കണ്ടു. ഉച്ചയ്ക്ക് പ്രവർത്തകർക്കൊപ്പം ആലപ്പുഴ കൈരളി തിയേറ്ററിൽ മമ്മൂട്ടിച്ചിത്രം വൺ കണ്ടു. വൈകുന്നേരം സ്ട്രോങ് റൂം സന്ദർശിച്ചു. തുടർന്ന് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.കുട്ടനാട് : തിരഞ്ഞെടുപ്പ്‌ അങ്കത്തിനുശേഷവും കുട്ടനാട്ടിലെ മൂന്നുസ്ഥാനാർഥികളും ബുധനാഴ്ചയും മണ്ഡലത്തിൽ നിറഞ്ഞുനിന്നു. യു.ഡി.എഫ്. സ്ഥാനാർഥി ജേക്കബ് എബ്രഹാം പ്രവർത്തകർക്കൊപ്പം രാവിലെ വീടുകളിലും മറ്റും കയറി നന്ദി അറിയിച്ചു. ഉച്ചയ്ക്ക്‌ അല്പം വിശ്രമം. വൈകീട്ട് വീണ്ടും പ്രിയപ്പെട്ടവരെ കാണാനായി പുറത്തേക്കിറങ്ങി.

എൽ.ഡി.എഫ്. സ്ഥാനാർഥി തോമസ് കെ. തോമസ് വീട്ടിൽ കുറച്ചുസമയം ചെലവഴിച്ചശേഷം ബൂത്ത്‌ തല കേന്ദ്രങ്ങൾ സന്ദർശിച്ചു. തിരഞ്ഞെടുപ്പവലോകനങ്ങളിൽ പങ്കെടുത്തു. ഒപ്പം പിന്തുണച്ചവരെ നേരിൽക്കണ്ട്‌ നന്ദിയറിയിച്ചു.

എൻ.ഡി.എ. സ്ഥാനാർഥി തമ്പി മേട്ടുതറ സ്വന്തം സ്ഥലമായ പത്തിയൂരിൽപോകാതെ കുട്ടനാട്ടിൽത്തന്നെ ചെലവഴിച്ചു. എല്ലാ ബൂത്തുകളും സന്ദർശിച്ച്‌ പ്രവർത്തകർക്കൊപ്പം പ്രതീക്ഷകൾ പങ്കുവെച്ചു. ഉച്ചയ്ക്ക്‌ പ്രവർത്തകർക്കും, നേതാക്കൾക്കുമൊപ്പം ഭക്ഷണം. വൈകീട്ട്‌ പ്രദേശത്തെ സ്ഥിതിഗതികൾ നേരിട്ടറിയാനായി വീണ്ടും യാത്ര.