10,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കുട്ടനാട് നിലനിർത്തുമെന്നാണ് എൽ.ഡി.എഫ്. പ്രതീക്ഷ. ഇതിനു പുറമേ മുൻ എം.എൽ.എ. തോമസ് ചാണ്ടിയോടുള്ള സ്നേഹവും തനിക്കുള്ള വ്യക്തിപരമായുള്ള ബന്ധങ്ങളും ഭൂരിപക്ഷം വീണ്ടും ഉയർത്തുമെന്നാണ് സ്ഥാനാർഥി തോമസ് കെ. തോമസ് പറയുന്നത്. കൈനകരി, കാവാലം, നീലംപേരൂർ, തകഴി, രാമങ്കരി, തലവടി, നെടുമുടി എന്നീ പഞ്ചായത്തുകളിൽ മികച്ച ലീഡ് പ്രതീക്ഷിക്കുന്നു. വെളിയനാട്, പുളിങ്കുന്ന്, വീയപുരം എന്നീ പഞ്ചായത്തുകളിൽ ചെറിയ ലീഡും കിട്ടും.

6,000 വോട്ടിനു വിജയമുറപ്പെന്നാണ് യു.ഡി.എഫ്. പറയുന്നത്. സ്ഥാനാർഥി ജേക്കബ് എബ്രഹാമും സമാനമായ രീതിയിൽ മികച്ച വിജയം കിട്ടുമെന്ന ആത്മവിശ്വാസത്തിലാണ്. എടത്വാ, പുളിങ്കുന്ന്, വെളിയനാട്, മുട്ടാർ, ചമ്പക്കുളം എന്നിവിടങ്ങളിലാണ് മികച്ച ലീഡ് പ്രതീക്ഷിക്കുന്നവ. രാമങ്കരി, വീയപുരം, നെടുമുടി എന്നീ പഞ്ചായത്തുകളിൽ ചെറിയ രീതിയിൽ ലീഡ് ചെയ്യും.

ഭൂരിപക്ഷം ഇപ്പോൾ പറയുന്നില്ലെങ്കിലും മികച്ചവിജയം എൻ.ഡി.എ. ക്യാമ്പും ഉറപ്പു പറയുന്നു. നിഷ്‌പക്ഷ വോട്ടുകൾ കൂടി സമാഹരിക്കാൻ കഴിഞ്ഞത് വിജയത്തിലേക്കു നയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സ്ഥാനാർഥി തമ്പി മേട്ടുതറയും. നീലംപേരൂർ, തകഴി, കാവാലം എന്നിവിടങ്ങളിൽ മികച്ച ലീഡും പുളിങ്കുന്ന്, വെളിയനാട്‌ എന്നിവിടങ്ങളിൽ ചെറിയ ലീഡും ലഭിക്കും.