കണിച്ചുകുളങ്ങര : വെള്ളാപ്പള്ളി നടേശന്റെ നേതൃത്വ രജതജൂബിലിയുടെ ഭാഗമായി ആവിഷ്കരിച്ചിട്ടുള്ള ഭവനപദ്ധതിയുടെ ആദ്യഘട്ടത്തിൽ ഇരുനൂറോളം പേർക്ക്‌ വീടുവെച്ചുനൽകാൻ ധാരണയായി. സാങ്കേതിക കാരണങ്ങളാൽ ചുവപ്പുനാടയിൽ കുടുങ്ങി കിടപ്പാടമെന്ന സ്വപ്നം യാഥാർഥ്യമാകാതെ കഴിയുന്ന നിരാലംബർക്കാണു വീടുനിർമിച്ചു നൽകുന്നത്.

എസ്.എൻ.ഡി.പി. യോഗത്തിന് 6,456 ശാഖകളാണുള്ളത്. ഒരുശാഖ ശരാശരി അരലക്ഷം രൂപയുടെ കാരുണ്യപ്രവർത്തനങ്ങൾ ഏറ്റെടുക്കും. 138 യൂണിയനുകളും 127 -ലധികംവരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രത്യേക ക്ഷേമപദ്ധതികൾകൂടി ഏറ്റെടുക്കുമ്പോൾ അത് നൂറുകോടി കവിയുന്ന കാരുണ്യപ്രവർത്തനങ്ങളാകുമെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ താക്കോൽ സ്ഥാനങ്ങളിൽ സമുദായാംഗങ്ങളെ എത്തിക്കാനാണു വിദ്യാഭ്യാസസഹായം നൽകുന്നത്. ഒരു ശാഖയിൽനിന്ന് കുറഞ്ഞത് രണ്ടുപാവപ്പെട്ട കുട്ടികൾക്കെങ്കിലും സഹായം നൽകും. പതിനായിരത്തോളം കുട്ടികൾക്കു സഹായം നൽകാൻ കഴിയുമെന്നാണു പ്രതീക്ഷ. സിവിൽ സർവീസ് പരീക്ഷയ്ക്കു തയ്യാറെടുക്കന്നവരെ യോഗം നേരിട്ട് ഏറ്റെടുക്കുന്ന പദ്ധതിയും തുടങ്ങിയിട്ടുണ്ട്.

ശാഖാഭാരവാഹികൾക്ക് ഇൻഷുറൻസ് പരിരക്ഷ, കോവിഡ് അതിജീവനപദ്ധതികൾ, കർഷകർക്കു സഹായം, സ്ത്രീ സുരക്ഷയ്ക്കായി നിയമസഹായം, പൊതുആരോഗ്യ -വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സഹായം, വിവിധ വിഷയങ്ങളിൽ സെമിനാറുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.