ഹരിപ്പാട് : നിയോജകമണ്ഡലത്തിൽ ബി.ജെ.പി. ക്രമാനുഗതമായ വളർച്ച നേടുകയാണെന്ന് എൻ.ഡി.എ.സ്ഥാനാർഥി കെ. സോമൻ പറഞ്ഞു. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് 3,145 വോട്ടുമാത്രമാണ് കിട്ടിയത്. 2016-ൽ 12,985 വോട്ടും ഇത്തവണ 17,890 വോട്ടും നേടാൻകഴിഞ്ഞു. ഓരോ തിരഞ്ഞെടുപ്പുകളിലും പാർട്ടിസ്വാധീനം വിപുലപ്പെടുത്തുകയാണെന്ന് വോട്ടുവിഹിതം പരിശോധിച്ചാൽ വ്യക്തമാകും. കൂടുതൽ ജനവിഭാഗങ്ങൾ ബി.ജെ.പി.ക്കൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണ്.

എൽ.ഡി.എഫ്. നിയോജകമണ്ഡലത്തിലെ മിക്ക പ്രദേശങ്ങളിലും പ്രചാരണരംഗത്തില്ലായിരുന്നു. ഘടകകക്ഷിയുടെ സ്ഥാനാർഥിയായതിനാൽ സി.പി.എം. ചട്ടപ്പടിപ്രചാരണമാണ് നടത്തിയത്. യു.ഡി.എഫിനെ സഹായിച്ച പ്രധാന ഘടകം ഇതാണ്.

എൽ.ഡി.എഫിന് 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 61,858 വോട്ടാണ് കിട്ടിയിരുന്നത്. കഴിഞ്ഞപ്രാവശ്യം അത് 57,359 ആയി കുറഞ്ഞു. ഇത്തവണയും 2011-ലെ വോട്ടിനൊപ്പം എത്താൻ എൽ.ഡി.എഫിനു കഴിഞ്ഞിട്ടില്ല. 10 വർഷത്തിനുശേഷം നിയോജകമണ്ഡലത്തിലെ ആകെ വോട്ടുകൾ ഏറെ വർധിച്ചിട്ടും എൽ.ഡി.എഫിന് വോട്ടുകുറയുന്നതെന്താണെന്ന് സി.പി.എം. വ്യക്തമാക്കണമെന്നും കെ. സോമൻ പറഞ്ഞു.

-ലെ തിരഞ്ഞെടുപ്പിനെക്കാൾ 4905 വോട്ടുകൾ അധികം നേടി

ഹരിപ്പാട് : ഹരിപ്പാട്ട്് 2016-ലെ തിരഞ്ഞെടുപ്പിനേക്കാൾ മികച്ചപ്രകടനം നേടാൻ കഴിഞ്ഞെങ്കിലും പ്രതീക്ഷിച്ച വോട്ടുനേടാൻ ബി.ജെ.പി.ക്ക് കഴിഞ്ഞില്ല. എൻ.ഡി.എ. സ്ഥാനാർഥി കെ. സോമൻ 17,890 വോട്ടാണ് നേടിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. സ്ഥാനാർഥി ഡി. അശ്വനിദേവിനു ലഭിച്ചത് 12,985 വോട്ടുമാത്രമാണ്. അന്ന് എൻ.ഡി.എ.ക്ക് ജില്ലയിൽ ഏറ്റവുംകുറഞ്ഞ വോട്ടുലഭിച്ച മണ്ഡലവും ഹരിപ്പാടായിരുന്നു. ഇത്തവണ 4,905 വോട്ടുകളാണ് കെ. സോമനു അധികമായി സമാഹരിക്കാൻ കഴിഞ്ഞത്.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് നിയോജകണ്ഡലത്തിൽ എൻ.ഡി.എ. സ്ഥാനാർഥികൾക്ക് ആകെ ലഭിച്ചത് 26,969 വോട്ടായിരുന്നു. ഈ നിലവാരത്തിൽ എത്താൻ കഴിഞ്ഞില്ലെങ്കിലും 20,000-ൽ അധികം വോട്ട് ഉറപ്പായും ലഭിക്കുമെന്നായിരുന്നു ബി.ജെ.പി. നേതൃത്വം പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടായില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ കാർത്തികപ്പള്ളി, ചെറുതന, കരുവാറ്റ ഗ്രാമപ്പഞ്ചായത്തുകളിൽ ബി.ജെ.പി.യുടെ പ്രതീക്ഷയ്ക്കനുസരിച്ച് വോട്ടു ലഭിച്ചില്ല. കാർത്തികപ്പള്ളിയിൽ ബി.ജെ.പി.ക്ക് നാലു പഞ്ചായത്ത് അംഗങ്ങളുണ്ട്. തദ്ദേശതിരഞ്ഞെടുപ്പിൽ ഇവിടെ 2766 വോട്ട് ലഭിച്ചെങ്കിലും ഇത്തവണ 1271 ആയി കുറഞ്ഞു.

മുതുകുളം ഗ്രാമപ്പഞ്ചായത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ മികവ് ആവർത്തിക്കാൻ എൻ.ഡി.എ.യ്ക്ക് കഴിഞ്ഞിട്ടുണ്ട്. 2,572 വോട്ടാണ് കെ. സോമനു മുതുകുളത്ത് ലഭിച്ചത്. നിയോജകമണ്ഡലത്തിൽ ഏറ്റവും അധികം വോട്ട് കിട്ടിയതും മുതുകുളത്താണ്. തദ്ദേശതിരഞ്ഞെടുപ്പിൽ മുതുകുളത്ത് എൻ.ഡി.എ. സ്ഥാനാർഥികൾക്ക് ആകെ ലഭിച്ചത് 3180 വോട്ടായിരുന്നു.