തുറവൂർ : കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗത്തിൽ ആടിയുലഞ്ഞ് മത്സ്യസംസ്കരണ, കയറ്റുമതി മേഖല. അവശ്യസർവീസായി പരിഗണിച്ച് മേഖലയ്ക്ക് സർക്കാർ ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും ആരോഗ്യവകുപ്പിന്റെ നിയന്ത്രണങ്ങളും പരിശോധനകളും ഏറെ പ്രയാസങ്ങൾക്കു കാരണമാകുന്നുണ്ടെന്നാണ് നടത്തിപ്പുകാർ പറയുന്നത്.

ഓരോപ്രദേശവും കൺടെയ്ൻമെൻറ്‌്‌ സോണായി പ്രഖ്യാപിക്കുമ്പോൾ സ്ഥാപനങ്ങളും അടച്ചിടേണ്ടി വരുന്നുണ്ട്. അരൂർമണ്ഡലത്തിൽ 400 പീലിങ് ഷെഡുകളും 40 കയറ്റുമതി സ്ഥാപനങ്ങളും അനവധി അനുബന്ധസ്ഥാപനങ്ങളുമുണ്ട്. ഇവിടങ്ങളിലായി പതിനായിരക്കണക്കിനു തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.

സ്ത്രീകളുൾപ്പടെ മണ്ഡലത്തിലെ 90 ശതമാനം ആളുകളും മത്സ്യസംസ്കരണ കയറ്റുമതി സ്ഥാപനങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലുമാണ് ജോലിചെയ്യുന്നത്. സാമൂഹികഅകലം പാലിച്ചും ആവശ്യമായ മുൻകരുതൽ സ്വീകരിച്ചുമാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ആരോഗ്യവകുപ്പും പോലീസും ഇക്കാര്യത്തിൽ ഇടയ്ക്കിടെ പരിശോധനകളും നടത്തുന്നുണ്ട്.

എന്നിട്ടും അനാവശ്യനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന അധികൃതരുടെ നടപടിയിൽ തൊഴിലാളികൾക്കും സ്ഥാപന ഉടമകൾക്കും അതൃപ്തിയുണ്ട്. ചിലഉദ്യോഗസ്ഥരുടെ അനാവശ്യമായ ഇടപെടലുകൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് ചേംപർ ഓഫ് കേരളാ സീ ഫുഡ് ഇൻഡസ്ട്രി സംസ്ഥാന പ്രസിഡൻറ്‌്‌ ജെ.ആർ. അജിത് പറഞ്ഞു.

നിയന്ത്രണങ്ങൾ കടുപ്പിച്ചാൽ തങ്ങൾ പട്ടിണിയിലാകുമോയെന്ന് തൊഴിലാളികൾക്ക് ആശങ്കയുണ്ട്. ഒന്നാംതരംഗത്തിൽ വ്യവസായ മേഖല ആടിയുലയുകയും തൊഴിലാളികൾ മുഴുപട്ടിണിയിലേക്ക് കൂപ്പുകുത്തിയിരുന്നു.

തൊഴിലാളികളെ സഹായിക്കാൻ ചേംപർ 90 ലക്ഷം രൂപയുടെ ഭക്ഷ്യധാന്യക്കിറ്റുകളാണ് വിതരണം ചെയ്തത്.

സർക്കാർ നൽകിയ സൗജന്യക്കിറ്റുകളും സഹായകമായി. പ്രതിസന്ധി മറികടക്കുന്നതിനെപ്പറ്റി ആലോചിക്കാൻ ചേംപർ അടിയന്തരയോഗം ചേർന്നു.