മാവേലിക്കര : ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയ്ക്കു മാവേലിക്കരയിൽ ആവേശോജ്ജ്വല സ്വീകരണം.

നേരത്തെ നിശ്ചയിച്ചിരുന്നതിൽനിന്നു മൂന്നുമണിക്കൂർ വൈകിയെത്തിയ ജാഥാക്യാപ്റ്റനെ നഗരകേന്ദ്രമായ മിച്ചൽ ജങ്ഷനിൽനിന്നു വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് സ്വീകരിച്ച് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിനു മുന്നിലെ വേദിയിലേക്ക് ആനയിച്ചത്. വനിതാ പ്രവർത്തകർ വേദിയിൽ ആരതിയുഴിഞ്ഞ് സുരേന്ദ്രനു വരവേൽപ്പ് നൽകി.

കേരളത്തിൽ യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും കാലം കഴിയുകയാണെന്ന് സ്വീകരണത്തിനുളള മറുപടി പ്രസംഗത്തിൽ കെ. സുരേന്ദ്രൻ പറഞ്ഞു. സർക്കാരിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരേ പ്രതികരിക്കുവാൻ പ്രതിപക്ഷത്തിനാകുന്നില്ല. സി.പി.എമ്മിന്റെ ബി ടീമായി കോൺഗ്രസ് മാറിയെന്നും അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഉത്തമ ദൃഷ്ടാന്തമാണ് തിരുവൻവണ്ടൂരിലടക്കം അരങ്ങേറിയതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം കേരളത്തിൽ ബി.ജെ.പി. സർക്കാരുണ്ടാക്കുമെന്ന് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത ബി.ജെ.പി. ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. തിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസും സി.പി.എമ്മും പിളരും. കോൺഗ്രസും മാർക്‌സിസ്റ്റും ലീഗും ചേർന്ന കോ-മാ-ലി സഖ്യത്തിനെതിരായ വിധിയെഴുത്താകും തിരഞ്ഞെടുപ്പിലുണ്ടാകുകയെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.

ബി.ജെ.പി. മാവേലിക്കര നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ. അനൂപ് അധ്യക്ഷനായി. നേതാക്കളായ എം.ടി. രമേശ്, പി.എം. വേലായുധൻ, വെള്ളിയാകുളം പരമേശ്വരൻ, എസ്. സോമൻ, എം.വി. ഗോപകുമാർ, കെ.ജി. കർത്ത, എസ്. ഗിരിജ, രാജി പ്രസാദ്, വെട്ടിയാർ മണിക്കുട്ടൻ, ബിനു ചാങ്കൂരേത്ത്, കെ.വി. അരുൺ, ഹരീഷ് കാട്ടൂർ, ബി.ഡി.ജെ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് സിനിൽ മുണ്ടപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.

ആവേശമുയർത്തി വിജയയാത്ര ജില്ലയിൽ സമാപിച്ചു

:ചെങ്ങന്നൂരിൽ ഇക്കുറി കൂടുതൽ വോട്ടുകളല്ല, വിജയംതന്നെയാണ് ലക്ഷ്യമെന്ന് പ്രവർത്തകരെ ഓർമിപ്പിച്ച് ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ കെ. സുരേന്ദ്രൻ നയിച്ച വിജയയാത്ര ജില്ലയിൽ സമാപിച്ചു. സമാപനവേദിയായ ചെങ്ങന്നൂരിൽ ആവേശകരമായ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്.

പറഞ്ഞതിലും വൈകിയെങ്കിലും നൂറുകണക്കിനു പ്രവർത്തകർ ജാഥയെ കാത്തുനിന്നു. പരിപാടിയിലെ സ്ത്രീകളുടെ സാന്നിധ്യം ശ്രദ്ധേയമായി. വെള്ളൂവൂർ കവലയിൽനിന്ന്‌ സുരേന്ദ്രനൊപ്പം യുവമോർച്ച ദേശീയ അധ്യക്ഷനും എം.പി.യുമായ തേജസ്വി സൂര്യയും രഥത്തിൽ സമ്മേളനവേദിയിലേക്ക് എത്തി. തനതുശൈലിയിൽ ഇംഗ്ലീഷിൽ പ്രസംഗിച്ച തേജസ്വിയെ വലിയ ആവേശത്തോടെയാണ് പ്രവർത്തകർ കേട്ടത്.

ബി.ജെ.പി. സംസ്ഥാനസമിതി അംഗം സന്ദീപ് വചസ്പതി പ്രസംഗം മലയാളത്തിൽ പരിഭാഷപ്പെടുത്തി. രാത്രിയും ജാഥാക്യാപ്റ്റൻ കെ. സുരേന്ദ്രന്റെ പ്രസംഗം കേൾക്കാൻ നൂറുകണക്കിനാളുകൾ കാത്തുനിന്നിരുന്നു.