ചേർത്തല : നഗരത്തിൽ വീണ്ടും സ്കൂട്ടർ യാത്രക്കാരിയെ പിന്തുടർന്നു മാലപൊട്ടിക്കൽ ശ്രമം. അക്രമം തടയുന്നതിനിടെ വീട്ടമ്മയ്ക്കു വീണു പരുക്ക്.

ചേർത്തല കുറ്റിക്കാട്ട് കൊച്ചുചിറയിൽ ജോണിച്ചന്റെ ഭാര്യ റിമിലക്കാണു പരുക്കേറ്റത്.

അർത്തുങ്കൽ ബൈപ്പാസിനു പടിഞ്ഞാറ്് വെള്ളിയാഴ്ച സന്ധ്യയോടെയായിരുന്നു സംഭവം. കെ.വി.എം. ട്രസ്റ്റ് ജീവനക്കാരിയായ റിമില ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു. സ്കൂട്ടറിൽ തന്നെ പിന്തുടർന്ന യുവാവാണു മാല പൊട്ടിക്കാൻ ശ്രമിച്ചതെന്നു റിമില പറഞ്ഞു. നിലത്തുവിണാണു പരുക്കേറ്റത്.

ഈ സമയം മോഷ്ടാവ് രക്ഷപ്പെട്ടു. മൂന്നു പവന്റെ മാല നഷ്ടപ്പെട്ടില്ല. മുഖത്തും കാലിലും പരുക്കേറ്റ റിമില ചേർത്തല താലൂക്ക്‌ ആശുപത്രിയിൽ ചികിത്സ തേടി. ചേർത്തല പോലീസ് അന്വേഷണം തുടങ്ങി.

ഒരുമാസം മുൻപ്‌ ദേശീയപാതയിൽ ഇത്തരത്തിൽ പോലീസ് ഉദ്യോഗസ്ഥയുടെ മാല പൊട്ടിക്കാൻ ശ്രമം നടന്നിരുന്നു.