ചെങ്ങന്നൂർ : ജോലി കഴിഞ്ഞു സ്‌കൂട്ടറിൽ മടങ്ങിയ നഴ്‌സിനു ബൈക്ക് തട്ടി പരിക്കേറ്റു. ഓടിച്ചയാൾ ബൈക്ക് ഉപേക്ഷിച്ചു മറ്റൊരു ബൈക്കിൽക്കയറി രക്ഷപ്പെട്ടു. വ്യാഴാഴ്ചരാത്രി 10.30-ഓടെ എം.സി. റോഡിൽ കല്ലിശ്ശേരി പറയനക്കുഴിഭാഗത്തായിരുന്നു സംഭവം.

തിരുവല്ലയിലെ സ്വകാര്യാശുപത്രിയിലെ നഴ്‌സായ കല്ലിശ്ശേരി സ്വദേശിനിക്കാണ്‌ പരിക്കേറ്റത്. അപകടമുണ്ടാക്കിയയാൾ തകരാർ സംഭവിച്ചതായിപ്പറയുന്ന ബൈക്കിലാണു റോഡിലൂടെ പോയിരുന്നത്. ഈ ബൈക്ക് കാൽകൊണ്ടു തള്ളി പിന്നാലെ മറ്റൊരു ബൈക്കിൽ രണ്ടുയുവാക്കളും ഇതേദിശയിൽ വരുന്നുണ്ടായിരുന്നെന്നു ചെങ്ങന്നൂർ പോലീസ് പറയുന്നു. ഇതിനിടയിലാണ് ബൈക്ക് തട്ടി സ്‌കൂട്ടറിൽനിന്നു യുവതി റോഡിൽ വീണത്. യുവതിയുടെ മുക്കിനു പൊട്ടലുണ്ട്. മുഖത്തും പരിക്കേറ്റു, അപകടമുണ്ടായ ഉടൻ ബൈക്കിലുണ്ടായിരുന്നയാൾ ഒപ്പമുണ്ടായിരുന്ന ബൈക്കിൽക്കയറി രക്ഷപ്പെടുകയായിരുന്നു. സ്ഥലത്തെത്തിയ യുവതിയുടെ ഭർത്താവും നാട്ടുകാരും ചേർന്നാണു യുവതിയെ ആശുപത്രിയിലെത്തിച്ചത്. ചെങ്ങന്നൂർ പോലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തു.

മോഷണശ്രമമെന്നു നാട്ടുകാർ

തിരുവനന്തപുരം പാറശാല സ്വദേശിയുടെ പേരിലുള്ളതാണു കസ്റ്റഡിയിലെടുത്ത ബൈക്ക്. മുൻവശത്തെ നമ്പർപ്ലേറ്റ് വായിക്കാനാകാത്ത വിധം മടക്കിവച്ചനിലയിലാണ്. സ്ഥലത്തു ഓടിക്കൂടിയ നാട്ടുകാർ സംഭവം മോഷണശ്രമമാണെന്ന നിഗമനത്തിലാണ്. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചുവരുന്നതായി പോലീസ് അറിയിച്ചു.