പൂച്ചാക്കൽ : ചെങ്ങണ്ടപ്പാലത്തിനു സമീപവും ഒറ്റപ്പുന്ന കവലയിലും ജപ്പാൻ ശുദ്ധജല വിതരണ പൈപ്പിൽ ചോർച്ചയുണ്ടായിരുന്ന ഭാഗം പരിഹരിക്കാനുള്ള പ്രവൃത്തി തുടരുന്നു. ശനിയാഴ്ച പൂർത്തിയാക്കുവാനും വൈകീട്ട് പമ്പിങ് പുനരാരംഭിച്ച് ഞായറാഴ്ച രാവിലെ മുതൽ ഗുണഭോക്താക്കൾക്കു കുടിവെള്ളം എത്തിച്ച് തുടങ്ങുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.

വ്യാഴാഴ്ച മുതലാണ് ജോലികൾ തുടങ്ങിയത്. വൈദ്യുതിവിളക്കുകൾ സ്ഥാപിച്ച് രാത്രിയും പകലുമായാണ് ജോലികൾ നടത്തുന്നത്.

റോഡ് പൊളിച്ച് പൈപ്പിലെ ചോർച്ചയുള്ള ഭാഗം കണ്ടെത്തി അടയ്ക്കുകയാണ് ചെയ്യുന്നത്. പൈപ്പു ചോർച്ചമൂലം ചേർത്തല നഗരസഭ, പള്ളിപ്പുറം, തണ്ണീർമുക്കം, കഞ്ഞിക്കുഴി, മുഹമ്മ, ചേർത്തല തെക്ക്, മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങിയിരിക്കുകയാണ്.